എമിറേറ്റ്സ് മാളിലേക്ക് ദൂരം കുറയും; പുതിയ പാലം തുറന്ന് ആർടിഎ

ഒരു മണിക്കറിൽ 900 വാഹനങ്ങൾക്ക് പാലത്തിലൂടെ കടന്നുപോകാൻ കഴിയും

ദുബായിൽ ഷെയ്ഖ് സായിദ് റോഡിൽ 300 മീറ്റർ നീളത്തിൽ പുതിയ പാലം തുറന്ന് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി. അബുദാബിയിൽ നിന്നും ജബൽ അലിയിൽ നിന്നും മാൾ ഓഫ് എമിറേറ്റ്സിലേക്ക് നേരിട്ട പ്രവേശനം നൽകുന്നതാണ് പുതിയ പാലം. ഒരു മണിക്കറിൽ 900 വാഹനങ്ങൾക്ക് പാലത്തിലൂടെ കടന്നുപോകാൻ കഴിയും.

പദ്ധതിയിൽ, കെംപിൻസ്കി ഹോട്ടലിന് അടുത്തുള്ള റോഡ് വൺ-വേ ട്രാഫിക്കിൽ നിന്ന് ടു-വേ ട്രാഫിക്കിലേക്ക് മാറ്റും. മാളിന്റെ പ്രവേശന കവാടങ്ങൾ, ചുറ്റുമുള്ള റോഡുകൾ, കാൽനട പാതകൾ, സൈക്കിൾ ട്രാക്കുകൾ എന്നിവ നവീകരിക്കുകയും ചെയ്യും. റോഡുകളിൽ വാഹനങ്ങളുടെ ഒഴുക്ക് മെച്ചപ്പെടുത്തുകയും വിവിധ പ്രദേശങ്ങളിലെ താമസക്കാരുടെയും സന്ദർശകരുടെയും സഞ്ചാരം എളുപ്പമാക്കുകയും ചെയ്യുകയെന്നതാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് ആർടിഎയുടെ ഡയറക്‌ടർ ജനറലും എക്‌സിക്യൂട്ടീവ് ഡയറക്‌ടർ ബോർഡ് ചെയർമാനുമായ മത്തർ അൽ തായർ പ്രതികരിച്ചു.

ഉമ്മു സുഖീം ജംഗ്ഷനിലെ റാമ്പ് വീതികൂട്ടൽ, കൂടാതെ ഉമ്മു സുഖീം സ്ട്രീറ്റിൽ നിന്ന് വരുന്ന വാഹനങ്ങൾക്ക് മാളിന്റെ കാർ പാർക്കുകളിലേക്ക് എളുപ്പത്തിൽ പ്രവേശിക്കാൻ കഴിയുന്ന തരത്തിൽ ജംഗ്ഷൻ നവീകരിക്കൽ എന്നിവയും പദ്ധതിയിൽ ഉൾപ്പെടുന്നു. ആർടിഎ മാളിന് ചുറ്റുമുള്ള 2.5 കിലോമീറ്റർ അറ്റ്-ഗ്രേഡ് റോഡുകൾ നവീകരിക്കുക, ആറ് സിഗ്‌നലൈസ്ഡ് ഇന്റർസെക്ഷനുകൾ വികസിപ്പിക്കുക, മാൾ ഓഫ് ദി എമിറേറ്റ്‌സ് മെട്രോ സ്റ്റേഷനിലെ ബസ് സ്റ്റേഷനിൽ മാറ്റങ്ങൾ വരുത്തുക തുടങ്ങിയവ പൂർത്തിയായിട്ടുണ്ട്. കാൽനട, സൈക്കിൾ പാതകൾ മെച്ചപ്പെടുത്തുകയും ട്രാഫിക് സിഗ്നലുകൾ, മഴവെള്ളം ഒഴുക്കി കളയുന്നതിനുള്ള സംവിധാനം എന്നിവ നവീകരിക്കുകയും ചെയ്തു.

2005-ലാണ് മാൾ ഓഫ് ദി എമിറേറ്റ്സ് പ്രവർത്തനമാരംഭിച്ചത്. പ്രതിവർഷം നാല് കോടിയിലധികം സന്ദർശകരാണ് മാളിലേക്കെത്തുന്നത്. മാളിൻ്റെ 20-ാം വാർഷികം പ്രമാണിച്ച്, നടത്തിപ്പുകാരായ മജീദ് അൽ ഫുത്തൈം 500 കോടി ദിർഹമിൻ്റ പുനർവികസന പദ്ധതി പ്രഖ്യാപിച്ചു. ഈ വികസനത്തിലൂടെ, 100 പുതിയ ആഢംബര, ഫാഷൻ, ലൈഫ്‌സ്‌റ്റൈൽ ഔട്ട്‌ലെറ്റുകൾക്കായി 20,000 ചതുരശ്ര മീറ്റർ റീട്ടെയിൽ സ്ഥലം കൂട്ടിച്ചേർക്കും. കൂടാതെ, പുതിയ ഹെൽത്ത് ക്ലബ്ബ്, കൾച്ചറൽ സെൻ്റർ, പ്രത്യേക ഡൈനിംഗ് ഡിസ്ട്രിക്റ്റ് എന്നിവയും വിപുലമായ അടിസ്ഥാന സൗകര്യ നവീകരണങ്ങളും ഇതിൻ്റെ പ്രത്യേകതയായിരിക്കും.

Content Highlights: New Dubai bridge cuts travel time to Mall of the Emirates from 10 minutes to 1

To advertise here,contact us