യുഎഇയിൽ‌ ഉടനീളം ട്രെയിനിൽ യാത്ര ചെയ്യാം; ഇത്തിഹാദ് റെയിൽ സർവീസിന് തയ്യാറെടുക്കുന്നു

അബുദാബി നാഷണല്‍ എക്‌സിബിഷന്‍ സെന്ററില്‍ പാസഞ്ചര്‍ ട്രെയിനിന്റെ മാതൃകയും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്

യുഎഇയുടെ സ്വപ്‌ന പദ്ധതിയായ ഇത്തിഹാദ് റെയിലിന്റെ പാസഞ്ചര്‍ സര്‍വീസ് യാത്രക്ക് തയ്യാറെടുക്കുന്നു. ഇതിന് മുന്നോടിയായി മൂന്ന് വിഭാഗം ടിക്കറ്റുകളും പ്രഖ്യാപിച്ചു. ഇത്തിഹാദ് റെയില്‍ പാസഞ്ചര്‍ ട്രെയിന്‍ സര്‍വീസ് ആരംഭിക്കുന്നതിനുള്ള അവസാന വട്ട ക്രമീകരണങ്ങളാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. യുഎഇയില്‍ ഉടനീളം ട്രെയിനില്‍ യാത്ര ചെയ്യാന്‍ ഇനി മാസങ്ങളുടെ കാത്തിരിപ്പ് മാത്രമാണ് അവേശിക്കുന്നതെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്.

അടുത്ത വര്‍ഷം സര്‍വീസ് ആരംഭിക്കുന്നതിന് മുന്നോടിയായി ഇക്കോണമി, ഫാമിലി, ഫസ്റ്റ് ക്ലാസ് എന്നീ വിഭാഗങ്ങളിലുള്ള ടിക്കറ്റുകളും പ്രഖ്യാപിച്ചു. അബുദാബി നാഷണല്‍ എക്‌സിബിഷന്‍ സെന്ററില്‍ പാസഞ്ചര്‍ ട്രെയിനിന്റെ മാതൃകയും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

ഇക്കോണമി ക്ലാസിലെ സീറ്റുകള്‍ ഒന്നിനു പിറകെ ഒന്നായാണ് ക്രമീകരിച്ചിരിക്കുന്നത്. ഒരു മേശക്ക് ചുറ്റുമിരിക്കുന്ന രീതിയിലാണ് ഫാമിലി ക്ലാസിലെ സീറ്റുകളുടെ സജ്ജീകരണം. ഫസ്റ്റ് ക്ലാസിലെ സീറ്റുകള്‍ യാത്രക്കാരന്റെ സൗകര്യം അനുസരിച്ച് അഡ്ജസ്റ്റ് ചെയ്യാന്‍ കഴിയും. ട്രേ ടേബിളും ലഗേജ്കളും വയ്ക്കാന്‍ പ്രത്യേക സ്ഥലവും സജ്ജമാക്കിയിട്ടുണ്ട്.

എത്തിഹാദ് റെയില്‍ യാഥാര്‍ഥ്യമാകുന്നതോടെ എമിറേറ്റുകള്‍ക്കിടയിലുള്ള യാത്രാ സമയം വലിയ രീതിയില്‍ കുറയും. ദുബായ് മെട്രോ, ബസ് സ്‌റ്റേഷനുകള്‍ എന്നിവയുമായി ബന്ധിപ്പിച്ചാകും പാസഞ്ചര്‍ ട്രയിന്‍ സര്‍വീസ് നടത്തുക. സര്‍വീസ് ആരംഭിക്കുന്ന തീയതിയും വൈകാതെ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷ. സ്റ്റേഷനുകളുടെ വിശദാംശങ്ങളും പുറത്തുവിട്ടിട്ടില്ല. എന്നാല്‍ അബുദാബി, ദുബായ്, ഷാര്‍ജ, ഫുജൈറ എന്നീ എമിറേറ്റുകളിലായി നാല് സ്റ്റേഷനുകളുടെ നിര്‍മാണം ഇപ്പോള്‍ അന്തിമ ഘട്ടത്തിലാണ്. ഇത്തിഹാദ് റെയില്‍ യുഎഇയുടെ സാമ്പത്തിക മേഖലയിലും വലിയ മുന്നേറ്റം ഉണ്ടാക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.

Content Highlights: Etihad Rail‘s passenger train service set to launch

To advertise here,contact us