ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ എല്ലാ ടെർമിനലുകളിലും അത്യാധുനിക ത്രീഡി ലഗേജ് പരിശോധന സ്കാനറുകൾ സ്ഥാപിക്കുന്നത് 2026 മെയ് മാസത്തോടെ പൂർത്തിയാക്കുമെന്ന് എമിറാത്ത് അൽ യോം റിപ്പോർട്ട് ചെയ്തു. പുതിയ സംവിധാനം നിലവിൽ വരുന്നതോടെ യാത്രക്കാർക്ക് ലാപ്ടോപ്പുകൾ, ദ്രാവകങ്ങൾ തുടങ്ങിയവ ബാഗിനുള്ളിൽ തന്നെ സൂക്ഷിക്കാൻ കഴിയും. അത്യാധുനിക സംവിധാനങ്ങൾ സുരക്ഷാ മാനദണ്ഡങ്ങൾ നിലനിർത്തിക്കൊണ്ട് പരിശോധനകൾ വേഗത്തിലാക്കാൻ സഹായിക്കുമെന്ന് അധികൃതർ പ്രതികരിച്ചു.
'പുതിയ സംവിധാനം വിമാനത്താവളത്തിലെ പരിശോധനയുടെ വേഗത വർദ്ധിപ്പിക്കുകയും കാത്തിരിപ്പ് സമയം കുറയ്ക്കുകയും സുരക്ഷ മെച്ചപ്പെടുത്തുകയും ചെയ്യും.' ദുബായ് എയർപോർട്ട്സിൻ്റെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറായ മാജെദ് അൽ ജോക്കർ പറഞ്ഞു.
ലോകത്തിലെ ഏറ്റവും തിരക്കേറിയ അന്താരാഷ്ട്ര വിമാനത്താവളങ്ങളിലൊന്നിൽ തിരക്കുകൾ ലഘൂകരിക്കുന്നതിൻ്റെ ഭാഗമായാണ് ത്രീഡി ലഗേജ് സ്കാനറുകൾ നടപ്പിലാക്കുന്നത്. യാത്രക്കാരുടെ തിരക്ക് 24 മണിക്കൂർ മുമ്പുതന്നെ പ്രവചിക്കുന്ന എഐ (ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്) സംവിധാനങ്ങളും ദുബായ് വിമാനത്താവളത്തിൽ വിന്യസിക്കുന്നുണ്ട്. ഇത് ജീവനക്കാരുടെ എണ്ണത്തിൽ വ്യത്യാസങ്ങൾ വരുത്താനും അധികൃതരെ സഹായിക്കും.
ദുബായ് വിമാനത്താവളത്തിൽ 2025-ൽ യാത്രക്കാരുടെ എണ്ണം 96 ദശലക്ഷത്തിൽ എത്തുമെന്നാണ് അധികൃതർ പ്രതീക്ഷിക്കുന്നത്. ഈ സാഹചര്യത്തിൽ വിമാനത്താവളത്തിന്റെ കാര്യക്ഷമത വർദ്ധിപ്പിക്കാനും തടസ്സമില്ലാത്ത യാത്രാനുഭവം ഉറപ്പാക്കാനും ഈ നവീകരണങ്ങൾ അത്യന്താപേക്ഷിതമാണെന്ന് ദുബായ് എയർപോർട്ട്സ് വ്യക്തമാക്കുന്നു.
Content Highlights: Dubai Airports to roll out 3D scanners soon