കേരളത്തിലേക്ക് സർവീസുകൾ കുറച്ച എയർ ഇന്ത്യ എക്സ്പ്രസ് തീരുമാനം; പ്രധാനമന്ത്രിക്ക് നിവേദനവുമായി പ്രവാസികൾ

തീരുമാനം ഗുരുതരമായി ബാധിക്കുമെന്ന് പ്രവാസികൾ നിവേദനത്തിൽ പറഞ്ഞു

കേരളത്തിലെ നാല് പ്രധാന വിമാനത്താവളങ്ങളിൽ നിന്നുള്ള സർവീസുകൾ വെട്ടിക്കുറയ്ക്കാൻ തീരുമാനിച്ച എയർ ഇന്ത്യ എക്സ്പ്രസിന്റെ തീരുമാനത്തിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നിവേദനം നൽകി യുഎഇയിൽ ഇന്ത്യൻ പ്രവാസികൾ. ഗൾഫ് മേഖലയിലേക്ക് കുറഞ്ഞ ചെലവിൽ യാത്രചെയ്യാൻ ആശ്രയിക്കുന്ന ആയിരക്കണക്കിന് തൊഴിലാളികളെയും കുടുംബങ്ങളെയും ഈ നീക്കം ദുരിതത്തിലാക്കുമെന്ന് പ്രവാസികൾ കത്തിൽ അറിയിച്ചു.

യുഎഇയിലെ ഷാർജ ഇന്ത്യൻ അസോസിയേഷൻ, പ്രസിഡൻ്റ് നിസാർ തളങ്കര ഒപ്പിട്ട ഔദ്യോഗിക നിവേദനം പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് അയച്ചു. കേരളത്തിനും ജിസിസി രാജ്യങ്ങൾക്കുമിടയിൽ യാത്ര ചെയ്യുന്ന കുറഞ്ഞതും ഇടത്തരം വരുമാനമുള്ളവരെയും വിദ്യാർത്ഥികളെയും തീരുമാനം ​ഗുരുതരമായി ബാധിക്കുമെന്ന് കത്തിൽ പറയുന്നു.

ഒക്ടോബർ അവസാനം മുതൽ മാർച്ച് വരെ നീണ്ടുനിൽക്കുന്ന വരാനിരിക്കുന്ന വിന്റർ ഷെഡ്യൂളിൽ, തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കണ്ണൂർ വിമാനത്താവളങ്ങളിൽ നിന്ന് ഗൾഫ് രാജ്യങ്ങളിലേക്കുള്ള നിരവധി വിമാന സർവീസുകൾ റദ്ദാക്കാൻ എയർലൈൻ പദ്ധതിയിടുന്നുണ്ട്. എങ്കിലും ഇതുവരെയും എയർ ഇന്ത്യ എക്സ്പ്രസ് വിന്റർ ഷെഡ്യൂൾ പ്രഖ്യാപിച്ചിട്ടില്ല.

എയർ ഇന്ത്യ എക്സ്പ്രസ് കേരളത്തിനോട് കാണിക്കുന്ന ചിറ്റമനയം അവസാനിപ്പിക്കണമെന്ന് അബുദാബിയിലെ ഇന്ത്യ സോഷ്യൽ ആൻഡ് കൾച്ചറൽ സെൻ്ററിൻ്റെ പ്രസിഡൻ്റായ ജയചന്ദ്രൻ നായർ പ്രതികരിച്ചു. അവഗണന തുടരുകയാണെങ്കിൽ, കേരളത്തിന് മികച്ച സേവനം നൽകാൻ മുന്നോട്ട് വരുന്ന മറ്റ് എയർലൈനുകളിലേക്ക് മാറുവാൻ ശ്രമിക്കുമെന്നും ജയചന്ദ്രൻ നായർ കൂട്ടിച്ചേർത്തു.

'ജിസിസി രാജ്യങ്ങളിലേക്ക് ഏറ്റവും കൂടുതൽ പ്രവാസി തൊഴിലാളികളെ അയയ്ക്കുന്ന സംസ്ഥാനങ്ങളിലൊന്ന് കേരളമാണ്. ഇതിൽ പലരും കുറഞ്ഞ വരുമാനമുള്ളവരാണ്. ഇവർ നാട്ടിലേക്ക് പണം അയയ്ക്കുന്നവരാണ്. ഉയർന്ന വിമാന ടിക്കറ്റ് നിരക്കുകളോ മറ്റ് സ്ഥലങ്ങൾ വഴിയുള്ള ചുറ്റിയുള്ള യാത്രകളോ താങ്ങാൻ അവർക്ക് കഴിയില്ല.' ജയചന്ദ്രൻ നായർ വ്യക്തമാക്കി.

Content Highlights: Air India Express to cut Kerala flights? Indian expats in UAE appeal to PM Modi

To advertise here,contact us