അബുദാബിയുടെ തിരക്കേറിയ തെരുവുകളിലേക്ക് യാത്രക്കാർക്കായി ഡ്രൈവറില്ലാ വാഹനങ്ങളെത്തുന്നു. ഈ വർഷം അവസാനത്തോടെ സെൽഫ് ഡ്രൈവിങ് വാഹനങ്ങൾ അബുദാബിയിലെ റോഡുകളിലേക്കെത്തുമെന്നാണ് അധികൃതർ പ്രതികരിക്കുന്നത്. ഭാവിയിൽ നിരത്തുകളിൽ സ്വയം ഓടുന്ന വാഹനങ്ങളായി അർബൻലൂപ് എന്ന് പേരിട്ടിരിക്കുന്ന വാഹനത്തിന് കഴിയുമെന്ന് അബുദാബി ട്രാൻസ്പോർട്ട് കമ്പനിയുട സിഇഒ സെബാസ്റ്റ്യൻ മാൻജിയന്റ് പറഞ്ഞു.
'ദൈനംദിന യാത്രകൾ കൂടുതൽ സുരക്ഷിതവും കാര്യക്ഷമവുമാക്കുവാൻ അർബൻലൂപിന് കഴിയും. ഒരു വർഷം മുമ്പാണ് അർബൻലൂപുമായി ഞങ്ങൾ കരാറിലെത്തിയത്. അടുത്ത വർഷത്തോടെ സെൽഫ് ഡ്രൈവിങ് പോഡുകൾ നിരത്തിലെത്തിക്കാൻ കഴിയുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ,' സെബാസ്റ്റ്യൻ മാൻജിയന്റ് പ്രതികരിച്ചു.
കഴിഞ്ഞ ദിവസം അബുദാബിയിൽ നടന്ന ഗ്ലോബൽ റെയിൽ കോൺഫറൻസിൽ ഡ്രൈവറില്ലാ വാഹനങ്ങളുടെ ഒരു മാതൃകയും അവതരിപ്പിച്ചിരുന്നു. ഇത്തരം വാഹനങ്ങളിൽ പരമാവധി എട്ട് പേർക്ക് യാത്ര ചെയ്യാം. നാല് പേർക്ക് ഇരിക്കാനും നാല് പേർക്ക് നിൽക്കാനും കഴിയുന്ന രീതിയിലാണ് വാഹനങ്ങളിൽ ഇടയുള്ളത്. രണ്ടുമുതൽ 10 യാത്രക്കാരെ വരെ ഉൾക്കൊള്ളാൻ കഴിയുന്ന ചെറുതും വലുതുമായ വാഹനങ്ങളുമുണ്ട്.
നിലവിൽ അബുദാബിയിൽ ഡ്രൈവറില്ലാ വാഹനങ്ങൾ പരീക്ഷണ ഘട്ടത്തിലാണ്. യുഎഇയിലെ ചൂടും പൊടിപടലങ്ങളും നിറഞ്ഞ സാഹചര്യങ്ങളിലാണ് വാഹനങ്ങളുടെ പരീക്ഷണഘട്ടം. മണിക്കൂറിൽ ഏകദേശം 20 കിലോമീറ്റർ വേഗതയിലാണ് പരീക്ഷണം നടക്കുന്നതെന്ന് അധികൃതർ പറഞ്ഞു. എന്നാൽ ഫ്രാൻസിൽ ഈ സംവിധാനത്തിന് മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ പോകാൻ കഴിയും.
Content Highlights: Driverless pods with 10 passenger capacity to hit Abu Dhabi streets by year-end