നമ്പർ പ്ലേറ്റുകൾ വിറ്റ് ദുബായ് ആർടിഎ നേടിയത് കോടികൾ; ബിബി 88ന് മാത്രം 33.82 കോടി

ആർടിഎയുടെ ലേലങ്ങളിലൂടെ വാഹനപ്രേമികൾക്ക് ഇഷ്ടമുള്ള വാഹന നമ്പറുകൾ സ്വന്തമാക്കാം

അപൂർവ വാഹന നമ്പർ പ്ലേറ്റുകളുടെ ലേലത്തിലൂടെ കോടികൾ നേടി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി(ആർടിഎ). അപൂർവ വാഹന നമ്പർ പ്ലേറ്റുകളുടെ 119-ാമത് ലേലത്തിലൂടെ 9.8 കോടി ദിർഹം അതായത് ഏകദേശം 236 കോടി രൂപയുടെ വരുമാനമാണ് നേടിയത്. ബിബി 88 എന്ന നമ്പർ പ്ലേറ്റിന് മാത്രം 1.4 കോടി ദിർഹ(ഏകദേശം 33.82 കോടി രൂപ)മാണ് ലഭിച്ചത്.

ഗ്രാൻഡ് ഹയാത്ത് ദുബായ് ഹോട്ടലിൽ നടന്ന ലേലത്തിൽ ഏറ്റവും ഉയർന്ന തുക സ്വന്തമാക്കിയതും ഇതേ നമ്പറിലൂടെയാണ്. വൈ 31 (62.7 ലക്ഷം ദിർഹം), എം 78, ബിബി 777 (60 ലക്ഷം ദിർഹം വീതം) എന്നിവയാണ് ലേലത്തിൽ ഉയർന്ന തുക സ്വന്തമാക്കിയ മറ്റ് നമ്പർ പ്ലേറ്റുകൾ. രണ്ടുമുതൽ അഞ്ച് അക്കങ്ങളുള്ള 90 പ്രീമിയം നമ്പർ പ്ലേറ്റുകളാണ് ലേലത്തിലുണ്ടായിരുന്നത്. ആർടിഎയുടെ ലേലങ്ങളിലൂടെ വാഹനപ്രേമികൾക്ക് ഇഷ്ടമുള്ള വാഹന നമ്പറുകൾ സുതാര്യമായ നടപടിക്രമങ്ങളിലൂടെ സ്വന്തമാക്കാനുള്ള അവസരമാണൊരുക്കുന്നത്.

Content Highlights: Dubai's RTA generated AED 9.8 crore from its vehicle number plates

To advertise here,contact us