വർദ്ധിച്ച ജീവിതചിലവ്, ഭക്ഷ്യവസ്തുക്കൾ വാങ്ങുന്നതിന്റെ അളവ് കുറച്ച് യുഎഇയിലെ ഉപഭോക്താക്കൾ

യുവ ഉപഭോക്താക്കൾക്കിടയിലും സമാനമായ ഷോപ്പിംഗ് രീതികളിലുള്ള മാറ്റങ്ങൾ കണ്ടെത്തി.

യുഎഇയിൽ ഭക്ഷ്യവസ്തുക്കൾ വാങ്ങുമ്പോൾ ആളുകൾ ചെറിയ പായ്ക്കറ്റുകൾ വാങ്ങുവാൻ ഇഷ്ടപ്പെടുന്നതായി റിപ്പോർട്ട്. എന്നാൽ കൂടുതൽ തവണ ചെറിയ പായ്ക്കറ്റുകൾ ആളുകൾ വാങ്ങുന്നു. ചെറിയ പായ്ക്കറ്റ് ഭക്ഷണങ്ങളിൽ വിലക്കിഴിവ് ലഭിക്കുന്നതിനായും ആളുകൾ ശ്രമിക്കുന്നുണ്ടെന്ന് വേൾഡ്പാനൽ ബൈ ന്യൂമറേറ്റർ എന്ന വിപണി ഗവേഷണ സ്ഥാപനത്തിലെ കൺസ്യൂമർ ഇൻസൈറ്റ്‌സ് ഡയറക്ടറായ ഇംതിയാസ് ഹാഷെം പറഞ്ഞു.

'യുഎഇയിൽ ജീവിതച്ചെലവ് വർദ്ധിക്കുന്നതിനാൽ ആളുകൾ കൂടുതൽ ശ്രദ്ധയോടെ ഭക്ഷ്യവസ്തുക്കൾ വാങ്ങുന്നു. കുറച്ച് സാധനങ്ങൾ മാത്രമാണ് ആളുകൾ വാങ്ങുന്നത്. എന്നാൽ 2023നെ അപേക്ഷിച്ച് കൂടുതൽ തവണ ആളുകൾ മാർക്കറ്റിലേക്ക് സാധനങ്ങൾ വാങ്ങുവാനായി എത്തിച്ചേരുന്നു,' ഇംതിയാസ് ഹാഷെം പ്രതികരിച്ചു.

ഈ ആഴ്ച ആദ്യം യുഎഇയിൽ നടന്ന രണ്ട് ദിവസത്തെ ഫ്യൂച്ചർ ഫുഡ് ഫോറത്തിൽ സംസാരിക്കുകയായിരുന്നു ഇംതിയാസ് ഹാഷെം. ഉപഭോക്താക്കളുടെ മാറുന്ന ഇഷ്ടങ്ങൾക്കനുസരിച്ച് പാക്കറ്റ് വലുപ്പത്തിന്റെ രൂപകൽപ്പന, ബണ്ടിൽ ചെയ്യുന്നതിനുള്ള തന്ത്രങ്ങൾ, ഉൽപ്പന്നങ്ങൾ വെക്കേണ്ട സ്ഥലം എന്നിവയെക്കുറിച്ച് പുനരാലോചിക്കാൻ ഇംതിയാസ് ഹാഷെം ബിസിനസുകാരോട് ആവശ്യപ്പെട്ടു.

യുവ ഉപഭോക്താക്കൾക്കിടയിലും സമാനമായ ഷോപ്പിംഗ് രീതികളിലുള്ള മാറ്റങ്ങൾ കണ്ടെത്തി. മുതിർന്നവർ പൊതുവായി ആഴ്ചയിൽ ഒരുതവണയാണ് പലചരക്ക് കടയിൽ പോകുന്നത്. എന്നാൽ യുവ ഉപഭോക്താക്കൾ, ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഷോപ്പിംഗ് നടത്തുന്നു. അതിൽ ഒന്ന് നേരിട്ടും ബാക്കിയുള്ളവ ഓൺലൈനായും സാധനങ്ങൾ വാങ്ങുകയുമാണ് ചെയ്യുന്നത്. യുവ ഉപഭോക്താക്കൾ ചെറിയ ബാസ്കറ്റുകളിലാണ് കൂടുതൽ തവണ ഷോപ്പിംഗ് നടത്തുന്നത്. ഇംതിയാസ് ഹാഷെം വ്യക്തമാക്കി.

Content Highlights: UAE customers buying smaller packets of food but more often

To advertise here,contact us