യുഎഇയില് മഴയുടെ തോത് വര്ദ്ധിപ്പിക്കാന് എഐ സാങ്കേതിക വിദ്യയും. ക്ലൗഡ് സീഡിംഗിനായി എഐ സാങ്കേതിക വിദ്യയുടെ ഉപയോഗത്തെക്കുറിച്ച് ഗവേഷണം നടത്താന് തയ്യാറെടുക്കുകയാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. യുഎഇയില് മഴയുടെ തോത് വര്ദ്ധിപ്പിക്കുന്നതിനായി നിരവധി ക്ലൗഡ് സീഡിങ്ങുകാളാണ് നടത്താറുള്ളത്. എന്നാല് ക്ലൗഡ് സീഡിംഗ് കൂടുതല് കാര്യക്ഷമമാക്കുന്നതിനായി എഐ സാങ്കേതിക വിദ്യയും ഉപയോഗിക്കാനാണ് തീരുമാനം. ഇതിനായി ആര്ട്ടിഫിഷ്യല് ഇന്റലിജെന്റ്സ് എങ്ങനെ ഫലപ്രദമായി പ്രയോജനപ്പെടുത്താം എന്നതിനെക്കുറിച്ച് കാലാവസ്ഥാ വകുപ്പ് ഗവേഷണം നടത്തും.
സംവഹന മേഘ ക്ലസ്റ്ററുകളുടെ അളവില് മേഘങ്ങളുടെ വിത്തുപാകല് വിലയിരുത്തുന്നതിനായി തത്സമയ, ഡാറ്റാധിഷ്ഠിത സംവിധാനം വികസിപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. എഐ സാങ്കേതിക വിദ്യയിലൂടെ ഉപഗ്രഹ, കാലാവസ്ഥാ ഡാറ്റ, അഡ്വാന്സ്ഡ് മോഡലിംഗ്, മെഷീന് ലേണിംഗ് എന്നിവ ഉപയോഗിച്ച് വിത്തുപാകല് കൂടുതല് എളപ്പമാക്കാന് കഴിയുമെന്നാണ് വിലയിരുത്തല്. ഹീബ്രു യൂണിവേഴ്സിറ്റി ഓഫ് ജറുസലേമിലെ പ്രൊഫസര് ഡാനിയേല് റോസന്ഫെല്ഡിന്റെ നേതൃത്വത്തില്, യുഎഇയിലെ നാഷണല് സെന്റര് ഓഫ് മെറ്റീരിയോളജി, ചൈനയിലെ വുഹാന് യൂണിവേഴ്സിറ്റി , യുണൈറ്റഡ് സ്റ്റേറ്റ്സിലെ കാലിഫോര്ണിയ യൂണിവേഴ്സിറ്റി സാന് ഡീഗോ എന്നിവയുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. ദശലക്ഷക്കണക്കിന് ദിര്ഹമാണ് ക്ലൗഡ് സീഡിംഗിനായി യുഎഇ ചെവഴിക്കുന്നത്.
മഴ ലഭ്യതയില് 15 മുതല് 25 ശതമാനം വരെ വര്ദ്ധനവ് ക്ലൗഡ് സീഡിംഗിലൂടെ ലഭിക്കുന്നുണ്ട്. പ്രതിവര്ഷം 900 മണിക്കൂറിലധികമാണ് ക്ലൗഡ് സീഡിംഗ് വിമാനങ്ങള് ആകാശത്ത് വട്ടമിട്ട് പറക്കുന്നത്. ഇതിന് മാത്രമായി നാല് വിമാനങ്ങള് സജ്ജമാക്കിയിട്ടുണ്ട്. പ്രത്യേക പരിശീലനം ലഭിച്ച പൈലറ്റുമാരാണ് ക്ലൗഡ് സീഡിംഗിന് നേതൃത്വം നല്കുന്നത്. ഇതിന് പുറമെ കാലാവസ്ഥാ റഡാറുകളുടെ വലിയൊരു ശൃംഘലയും കാലാവസ്ഥാ കേന്ദ്രത്തിന്റെ ഭാഗമായി പ്രവര്ത്തിക്കുന്നുണ്ട്.
Content Highlights: UAE could use AI to increase cloud seeding to combat water scarcity