യാത്രകള് കൂടുതല് എളുപ്പമാക്കുന്നതിന്റെ ഭാഗമായി എമിറേറ്റ്സ് റോഡിന്റെ നവീകരണ പ്രവര്ത്തനങ്ങള് ആരംഭിച്ചു. പദ്ധതി യാഥാര്ഥ്യമാകുന്നതോടെ വിവിധ സ്ഥലങ്ങളിലേക്കുള്ള യാത്രാസമയം 45 ശതമാനം വരെ ലാഭിക്കാനാകും. രണ്ട് വര്ഷം കൊണ്ട് പദ്ധതി പൂര്ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.
റാസല്ഖൈമയില് നിന്ന് ഉമ്മുല്ഖുവൈന്, ഷാര്ജ വഴി ദുബായിലേക്കും തിരിച്ചുമുള്ള യാത്രക്കാര്ക്ക് ഏറെ ആശ്വാസം പകരുന്നതാണ് എമിറേറ്റ്സ് റോഡിന്റെ നവീകരണ പദ്ധതി. രണ്ട് വര്ഷം കൊണ്ട് പൂര്ത്തിയാക്കാന് ലക്ഷ്യമിടുന്ന പദ്ധതിക്ക് 750 ദശലക്ഷം ദിര്ഹമാണ് ചെലവ് പ്രതീക്ഷിക്കുന്നത്. അല് ബദിയ ഇന്റര്ചേഞ്ച് മുതല് ഉമ്മുല്ഖുവൈന് വരെയുള്ള 25 കിലോമീറ്റര് ദൂരം ഓരോ ദിശയിലും മൂന്ന് വരിയില് നിന്ന് അഞ്ച് വരികളായി വികസിപ്പിക്കും. ഇതോടെ റോഡില് ഉള്ക്കൊള്ളാവുന്ന വാഹനങ്ങളുടെ എണ്ണം ഒന്പതിനായിരമായി വര്ദ്ധിക്കും. പ്രധാന റോഡിന്റെ ഇരുവശങ്ങളിലും സര്വീസ് റോഡുകളും നിര്മിക്കും. ആറ് പാലങ്ങളും പദ്ധതിയില് ഉള്പ്പെടുത്തിയിട്ടുണ്ട്.
12.6 കിലോമീറ്റര് നീളമുള്ള പാലങ്ങള്ക്ക് മണിക്കൂറില് 13,200 വാഹനങ്ങളെ ഉള്ക്കൊള്ളാന് കഴിയുമെന്നാണ് വിലയിരുത്തല്. എമിറേറ്റ്സ് റോഡിലെ ഗതാഗതക്കുരുക്ക് ലഘൂകരിക്കാന് നവീകരണ പദ്ധതിയിലൂടെ കഴിയുമെന്ന് ഊര്ജ-അടിസ്ഥാന സൗകര്യ മന്ത്രാലയം അറിയിച്ചു. ഗതാഗതക്കുരുക്ക് കാരണം ഉണ്ടാകുന്ന വായു മലികരണം കുറയ്ക്കുന്നതിനും വിവിധ എമിറേറ്റുകള്ക്കിടയിലുള്ള ചരക്ക് നീക്കം കൂടുതല് എളുപ്പമാക്കുന്നതിനും ഇതിലൂടെ സാധിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.
ജനസംഖ്യാപരമായ വളര്ച്ചയുടെയും സാമ്പത്തിക വളര്ച്ചയുടെയും ആവശ്യകതകള് നിറവേറ്റാന് കഴിവുള്ള കൂടുതല് നൂതനവും കാര്യക്ഷമവുമായ റോഡ് ശൃംഖല നിര്മ്മിക്കുന്നതിന്റെ ഭാഗമായിട്ടുകൂടിയാണ് പദ്ധതി നടപ്പിലാക്കുന്നതെന്നും അധികൃതര് അറിയിച്ചു.
Content Highlights: Emirates Road renovations begin to make travel easier