വ്യാജ ഉപഭോക്തൃ സംരക്ഷണ വെബ്സൈറ്റുകള് വഴിയുള്ള പുതിയ ഓണ്ലൈന് തട്ടിപ്പിനെതിരെ മുന്നറിയിപ്പുമായി ദുബായ് പൊലീസ്. ഇത്തരം തട്ടിപ്പുകളില് വീഴരുതെന്നും സ്വകാര്യ വിവരങ്ങള് കൈമാറരുതെന്നും പൊലീസ് പൊതുജനങ്ങള്ക്ക് മുന്നറിയിപ്പ് നല്കി. സെര്ച്ച് എഞ്ചിനുകളിലും സോഷ്യല് മീഡിയ പ്ലാറ്റ്ഫോമുകളിലും വ്യാജ ഉപഭോക്തൃ സംരക്ഷണ വെബ്സൈറ്റുകള് വഴിയുളള തട്ടിപ്പ് വ്യാപകമായ സാഹചര്യത്തിലാണ് മുന്നറിയിപ്പുമായി ദുബായ് പൊലീസ് രംഗത്ത് എത്തിയിരിക്കുന്നത്.
ഔദ്യോഗിക 'ഉപഭോക്തൃ സംരക്ഷണ പ്ലാറ്റ്ഫോമുകളുടെ അതേ മാതൃകയിലാണ് വ്യജ വൈബ്സൈറ്റുകളും നിര്മ്മിച്ചിരിക്കുന്നത്. റിമോട്ട് ആക്സസ്'ആപ്ലിക്കേഷനുകള് വഴി ആളുകളുടെ മൊബൈല് ഡാറ്റ ആക്സസ് ചെയ്യാന് തട്ടിപ്പ് സംഘത്തിന് കഴിയും. അനധികൃത സാമ്പത്തിക ഇടപാടുകളും ഇതിലൂടെ സാധ്യമാകും. ഇത്തരം വ്യാജ സൈറ്റുകള്ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ദുബായ് പോലീസ് പതുജനങ്ങള്ക്ക് മുന്നറിയിപ്പ് നല്കി.
സ്വകാര്യ വിവരങ്ങള് ഒരു കാരണവശാലും കൈമാറരുത്. ബാങ്ക് അക്കൗണ്ട് വിവരങ്ങള് ഉള്പ്പെടെ സ്വന്തമാക്കാന് ഇത്തരക്കാര്ക്ക് കഴിയുമെന്നും മുന്നറിയിപ്പില് പറയുന്നു. സമൂഹമാധ്യമങ്ങളിലും ഓണ്ലൈന് പ്ലാറ്റ് ഫോമുകളിലും കാണുന്ന സംശയാസ്പദമായ ലിങ്കുകളില് ക്ലിക്ക് ചെയ്യരുതെന്നും ചിലപ്പോള് അത് വലിയ സാമ്പത്തിക നഷ്ടങ്ങള് കാരണമാകുമെന്നും പൊലീസ് അറിയിച്ചു.
ഇടപാടുകള്ക്കായി ഔദ്യോഗിക ഉപഭോക്തൃ സംരക്ഷണ മാര്ഗങ്ങള് മാത്രം ഉപയോഗിക്കാനും സംശയാസ്പദമായ ആപ്ലിക്കേഷനുകള് ഡൗണ്ലോഡ് ചെയ്യുന്നത് ഒഴിവാക്കാനും അധികൃതര് മുന്നറിയിപ്പ് നല്കി.
Content Highlights: Dubai Police warn against new online scam via fake consumer protection websites