യുഎഇയിൽ ബിസിനസ് നിയമ ലംഘനങ്ങൾ നടത്തിയ 161 പേർക്ക് കടുത്ത പിഴയുമായി ദുബായിലെ സിറ്റിസൺഷിപ്പ് & റെസിഡൻസി കോടതി. 15,22,40,000 ദിർഹം പിഴയാണ് കോടതി ചുമത്തിയിരിക്കുന്നത്. ഉടമകളുടെ യുഎഇയിലെ താമസവുമായി ബന്ധപ്പെട്ട നിയമങ്ങൾ കൃത്യമായി പാലിക്കാതെയാണ് ചില ബിസിനസുകൾ പ്രവർത്തിച്ചിരുന്നത്. രാജ്യത്തെ താമസ സൗകര്യം പ്രതികൾ ദുരുപയോഗം ചെയ്തെന്ന് അധികൃതർ അന്വേഷണത്തിൽ കണ്ടെത്തി.
കടുത്ത പിഴ വിധിച്ചതിന് പുറമെ, 161 പ്രതികളെയും യുഎഇയിൽ നിന്ന് നാടുകടത്താനും കോടതി ഉത്തരവിട്ടിട്ടുണ്ട്. ദുബായിലെ താമസവിസ, തൊഴിൽ സംവിധാനങ്ങളുടെ സുരക്ഷ എന്നിവ ഉറപ്പാക്കുന്നതിനും ജീവനക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും സ്വീകരിക്കുന്ന കർശന നിലപാടാണ് ഈ തീരുമാനത്തിലൂടെ വ്യക്തമാക്കുന്നതെന്ന് അധികൃതർ ചൂണ്ടിക്കാട്ടി. വിസ ദുരുപയോഗം ചെയ്യുകയോ താമസ നിയമങ്ങൾ പാലിക്കാതിരിക്കുകയോ ചെയ്താൽ കർശനമായ ശിക്ഷാനടപടികൾ നേരിടേണ്ടി വരുമെന്നും അധികൃതർ കൂട്ടിച്ചേർത്തി.
സമീപകാലത്ത് ഒരു വിസാ തട്ടിപ്പ് കേസിൽ 21 പ്രതികളെ ദുബായ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവർ 33 വ്യാജ കമ്പനികൾ സ്ഥാപിക്കുകയും വ്യാജ വിലാസങ്ങൾ ഉപയോഗിച്ച് 385 താമസ വിസകൾ നിയമവിരുദ്ധമായി ആളുകൾക്ക് നൽകുകയും ചെയ്തു. ഇവർ കുറ്റക്കാരാണെന്ന് കണ്ടെത്തിയ കോടതി 2.52 കോടി ദിർഹം പിഴ ചുമത്തി. 21 പ്രതികളെയും നാടുകടത്താനും ഉത്തരവിട്ടിരുന്നു.
Content Highlights: Dubai cracks down on visa fraud: 161 fined Dh152 million