വെസ്റ്റ് ബാങ്ക് പിടിച്ചെടുക്കാനുള്ള ഇസ്രയേൽ നീക്കം; നയതന്ത്ര ബന്ധം ദുർബലപ്പെടുത്തുമെന്ന് യുഎഇ

ഇസ്രയേലുമായുള്ള നയതന്ത്രം ബന്ധം യുഎഇ പൂർണമായി വിച്ഛേദിക്കില്ലെന്നും റിപ്പോർട്ടുകളുണ്ട്

വെസ്റ്റ് ബാങ്കിനെ പൂർണമായോ ഭാഗികമായോ പിടിച്ചെടുത്താൽ ഇസ്രയേലുമായുള്ള നയതന്ത്ര ബന്ധം യുഎഇ കുറച്ചേക്കുമെന്നു സൂചന. ദുബായ് എയർഷോയിൽനിന്ന് ഇസ്രയേൽ കമ്പനികളെ വിലക്കിയത് ഇതിന്റെ ആദ്യപടിയാണെന്നാണ് വിവരം. എന്നാൽ ഇസ്രയേലുമായുള്ള നയതന്ത്രം ബന്ധം യുഎഇ പൂർണമായി വിച്ഛേദിക്കില്ലെന്നും റിപ്പോർട്ടുകളുണ്ട്. യുഎഇയിലെ ഒരു ഉന്നത ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാർത്ത ഏജൻസിയായ റോയിറ്റേഴ്സ് ആണ് ഇത് സംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്തത്.

2020 സെപ്റ്റംബറിൽ അന്നത്തെ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മധ്യസ്ഥതയിലാണ് യുഎഇ ഇസ്രയേലുമായുള്ള സമാധാന കരാറിൽ ഒപ്പുവച്ചത്. ഇസ്രയേലുമായി നയതന്ത്രം തുടരുന്ന ചുരുക്കം ചില അറബ് രാജ്യങ്ങളിൽ ഒന്നാണ് യുഎഇ. വെസ്റ്റ് ബാങ്കിന്റെ ഏത് കൂട്ടിച്ചേർക്കലും ഗൾഫ് രാജ്യങ്ങൾക്ക് "റെഡ് ലൈൻ" ആയിരിക്കുമെന്നും തീരുമാനവുമായി മുന്നോട്ടുപോയാൽ സ്ഥാനപതിയെ പിൻവലിക്കുന്നത് പരിഗണനയിലാണെന്നും സഹ മന്ത്രി ലാന നുസൈബെ പറഞ്ഞു.

1967-ൽ ജോർദാനിൽ നിന്ന് കിഴക്കൻ ജറുസലേമിനൊപ്പം പിടിച്ചെടുത്ത വെസ്റ്റ് ബാങ്കിൻ്റെ ഭരണത്തിനായി ഇസ്രയേൽ ഒരു സൈനിക മേധാവിയെ നിയമിച്ചിരുന്നു. പിന്നീട് 1993ൽ വെസ്റ്റ് ബാങ്കിന്റെ ചില ഭാ​ഗങ്ങൾ പലസ്തീൻ അധീനതയിൽ വന്നിരുന്നു. പലസ്തീൻ അധിനിവേശ വെസ്റ്റ് ബാങ്കിന്റെ ചില ഭാ​ഗങ്ങൾ പിടിച്ചടക്കുന്നതിൻ്റെ സൂചന നൽകുന്ന നടപടികൾ ഇസ്രയേൽ സർക്കാർ അടുത്തിടെ സ്വീകരിച്ചിരുന്നു. എന്നാൽ ഐക്യരാഷ്ട്രസഭയും മിക്ക രാജ്യങ്ങളും ഈ നീക്കത്തെ എതിർത്തിരുന്നു.

Content Highlights: UAE may downgrade diplomatic ties with Israel if annexes part or all of the West Bank

To advertise here,contact us