വ്യാപാര-നിക്ഷേപ രംഗങ്ങളില് സഹകരണം ശക്തിപ്പെടുത്താന് ഇന്ത്യയും യുഎഇയും തമ്മില് ധാരണ. അബുദാബിയില് ചേര്ന്ന ഇന്ത്യ-യുഎഇ ഉന്നതതല യോഗമാണ് ഇതു സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. ദുബായില് നിര്മ്മിക്കുന്ന ഭാരത് മാര്ട്ട് യാഥാര്ഥ്യമാകുന്നതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള എണ്ണയിതര വ്യാപാരം കൂടുതല് ശക്തിപ്പെടുമെന്നും യോഗം വിലയിരുത്തി.
വ്യാപാര നിക്ഷേപ രംഗങ്ങളിൽ ഇന്ത്യ-യുഎഇ കൂട്ടായ ഇടപെടല് ഉണ്ടാകും. 2022ല് ഒപ്പുവെച്ച സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാര് ഇരു രാജ്യങ്ങളും തമ്മിലുള്ള എണ്ണയിതര വ്യാപാരം ശക്തിപ്പെടുത്താന് സഹായിച്ചതായി യോഗം വിലയിരുത്തി. നടപ്പ് സാമ്പത്തിക വര്ഷത്തിന്റെ ആദ്യ പകുതിയില് എണ്ണയിതര വ്യാപാരത്തില് 34 ശതമാനത്തിന്റെ വര്ദ്ധന ഉണ്ടായി.
ദുബായില് നിര്മാണം പുരോഗമിക്കുന്ന ഭാരത് മാര്ട്ട് യാഥാര്ഥ്യമാകുന്നതോടെ വ്യാപാര-നിക്ഷേപ രംഗം കൂടുതല് ശക്തിപ്പെടും. 2030 ആകുമ്പോഴേക്കും വലിയ കുതിപ്പ് ഇന്ത്യ-യുഎഇ വ്യാപാര നിക്ഷേപ മേഖലകളില് ഉണ്ടാകുമെന്നും യോഗം വിലയിരുത്തി. കടല് മാര്ഗമുള്ള ചരക്ക് നീക്കത്തിലും ബഹിരാകാശ രംഗത്തും പരസ്പര സഹകരണം ശക്തിപ്പെടുത്തും.
ഇരുരാജ്യങ്ങളിലേയും നിക്ഷേപകര് നിലവില് നേരിടുന്ന വിവിധ വിഷയങ്ങളും പരിഹാര മാര്ഗങ്ങളും യോഗത്തില് ചര്ച്ചയായി. ലോകത്തിലെ ഏറ്റവും ശക്തമായ സമ്പദ് വ്യവസ്ഥയാകാനുള്ള കുതിപ്പിലാണ് ഇന്ത്യയെന്നും ഇക്കാര്യത്തില് യുഎഇയുമായുള്ള ബന്ധം നിര്ണായകമാണെന്നും യോഗത്തിന് ശേഷം കേന്ദ്രമന്ത്രി പീയുഷ് ഗോയല് പറഞ്ഞു. അബുദാബി ഇന്വെസ്റ്റ്മെന്റ് അതോറിറ്റി മാനേജിംഗ് ഡയറക്ടര് ശൈഖ് ഹമദ് ബിന് സായിദ് അല് നഹ്യാന് അടക്കമുള്ളവരും യോഗത്തില് പങ്കെടുത്തു.
Content Highlights: India and UAE Plan More Sustained Trade and Investment Relations