പ്രധാന മന്ത്രി നരേന്ദ്ര മോദിയ്ക്ക് 75-ാം ജന്മദിനത്തിൽ ആദരമർപ്പിച്ച് യുഎഇ. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്ജ് ഖലീഫയിൽ ഈ ദിവസം മോദിയുടെ ചിത്രങ്ങളാൽ തിളങ്ങി. ഇന്ത്യന് ദേശീയ പതാക്കൊപ്പം 'ഹാപ്പി ബര്ത്ത്ഡേ' എന്ന് എഴുതിയ അക്ഷരങ്ങളും ദീപങ്ങളാല് പ്രകാശിച്ചു. ദുബായിലെയും സമീപപ്രദേശങ്ങളിലെയും ആയിരക്കണക്കിന് ഇന്ത്യന് പ്രവാസികളാണ് ഇത് കാണാനായി ബുര്ജ് ഖലീഫക്ക് മുന്നില് തടിച്ചുകൂടിയത്.
യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന് സായിദ് അല് നഹ്യാന് മോദിക്ക് നേരത്തെ പിറന്നാള് ആശംസകള് നേര്ന്നിരുന്നു. ഹിന്ദി, ഇംഗ്ലീഷ്, അറബിക് ഭാഷകളിലായിരുന്നു ഷെയ്ഖ് മുഹമ്മദിന്റെ ആശംസ. 'ജന്മദിനം ആഘോഷിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അനുമോദനങ്ങൾ. താങ്കൾക്ക് തുടർന്നും നല്ല ആരോഗ്യവും സന്തോഷവും ഉണ്ടാകട്ടെ. ഇന്ത്യയുടെ പുരോഗതിക്കും അവിടുത്തെ ജനങ്ങളുടെ അഭിവൃദ്ധിക്കും വേണ്ടി പ്രവർത്തിക്കുന്നതിൽ താങ്കൾക്ക് വിജയങ്ങൾ നേടാൻ കഴിയട്ടെയെന്നും ഞാൻ ആശംസിക്കുന്നു.' ഷെയ്ഖ് മുഹമ്മദ് പ്രതികരിച്ചു.
യുഎഇ പ്രസിഡന്റിന്റെ ആശംസകൾക്ക് നന്ദി പറഞ്ഞുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയും രംഗത്തെത്തി. അമേരിക്ക, റഷ്യ, ഇസ്രയേല്, ഇറ്റലി, ന്യൂസിലാന്ഡ് തുടങ്ങി നിരവധി ലോക രാജ്യങ്ങളിലെ നേതാക്കളും പിറന്നാള് ദിനത്തില് മോദിക്ക് ആശംസകള് നേര്ന്നു.
Content Highlights: Burj Khalifa lights up with PM Modi's portraits on his 75th birthday