അബുദാബി: യുഎഇയില് കടുത്ത വേനല് കാലം അവസാനത്തിലേക്ക്. അധികം വൈകാതെ തണുപ്പുകാലം വിരുന്നെത്തും. ഇതിന് മുന്നോടിയായി രാജ്യത്തെ അന്തരീക്ഷ താപനില കുറഞ്ഞു തുടങ്ങി. ഈ മാസം 22 മുതല് ശരത്കാലം ആരംഭിക്കുമെന്നാണ് വിലയിരുത്തല്. ഇതോടെ പകല് 37 ഡിഗ്രി സെല്ഷ്യസും രാത്രി 23 ഡിഗ്രി സെല്ഷ്യസുമായി രാജ്യത്തെ താപനില കുറയുകയും പകലിന്റെയും രാത്രിയുടെയും സമയം ഒരേ ദൈര്ഘ്യത്തിലേക്ക് എത്തുകയും ചെയ്യും.
സൂര്യോദയവും അസ്തമയവും രാവിലെയും വൈകുന്നേരവും ഏകദേശം ഒരേ സമയത്തായിരിക്കും സംഭവിക്കുക. എന്നാല് ക്രമേണ രാജ്യം കടുത്ത ശൈത്യത്തിലേക്ക് പോകുന്നതോടെ രാത്രികള്ക്ക് ദൈര്ഘ്യമേറുകയും പകല് സമയം ക്രമേണ കുറയുകയും ചെയ്യും. കാലാവസ്ഥാ മാറ്റത്തിന്റെ സൂചന നല്കി യുഎഇയുടെ ആകാശത്ത് കഴിഞ്ഞ മാസം സുഹൈല് നക്ഷത്രം പ്രത്യക്ഷപ്പെട്ടിരുന്നു. ശൈത്യകാലത്തിനൊപ്പം യുഎഇയില് മഴയും എത്തുമെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ കണക്കുകൂട്ടല്. നവംബറിന്റെ തുടക്കത്തില് ആരംഭിച്ച് മാര്ച്ച് അവസാനം വരെ മഴ തുടരും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില് മൂടല്മഞ്ഞും ശക്തമാകുമെന്നാണ് റിപ്പോർട്ട്.
Content Highlight : UAE enters the last days of summer; Day and night are now of equal length