പ്രവാസി ഇന്ത്യന് ലീഗല് സര്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില് ദുബായില് നിയമ സഹായ ക്യാമ്പ് സംഘടിപ്പിക്കുന്നു. പ്രവാസികള് ഉള്പ്പെടെയുള്ളവര്ക്ക് സൗജന്യമായി നിയമ സഹായം ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് ക്യാമ്പ്. മോഡല് സര്വീസ് സൊസൈറ്റിയുമായി സഹകരിച്ചാണ് നിയമ സഹായ വേദി ഒരുക്കുന്നത്. ഈ മാസം 21-ാം തീയതി സംഘടിപ്പിക്കുന്ന നീതി മേളയില് പങ്കെടുക്കുന്നതിനായി ഓണ്ലൈനായും ഫോണിലൂടെയും പൊതുജനങ്ങള്ക്ക് രജിസ്റ്റര് ചെയ്യാം.
പ്രവാസി ഇന്ത്യന് ലീഗല് സര്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില് സംഘടിക്കുന്ന രണ്ടാമത് നിയമ സഹായ ക്യാമ്പാണ് ഈ മാസം 21ന് ദുബായില് നടക്കുന്നത്. റാഷിദിയ പെയ്സ് മോഡേണ് ബ്രിട്ടീഷ് സ്കൂള് ആണ് നീതി മേളക്ക് വേദിയാകുന്നത്. ഉച്ചക്ക് 12 മണി മുതല് വൈകിട്ട് മൂന്ന് മണി വരെ നീളുന്ന നിയമ സഹായ ക്യാമ്പില് പങ്കെടുത്ത് പൊതുജനങ്ങള്ക്ക് സൗജന്യമായി നിയമ സഹായം നേടാനാകുമെന്ന് നീതി മേളയുടെ ചെയര്മാന് മോഹന് വെങ്കിട്ട് പറഞ്ഞു.
കേവലം നിയമോപദേശം നല്കുന്ന ഒരു വേദി മാത്രമല്ല ഇത്. പ്രവാസികളുടെ പ്രശ്നങ്ങള്ക്ക് പൂര്ണമായ പരിഹാഹം കാണുന്നതുവരെ പ്രവാസി ഇന്ത്യ ലീഗല് സര്വീസ് സൊസൈറ്റി ഒപ്പമുണ്ടാകുമെന്ന് ജനറല് കണ്വീനര് അഡ്വ.അസീസ് തോലേരി വ്യക്തമാക്കി.
വിദദ്ധരായ അഭിഭാഷകരുടെയും ഒരു സംഘം സാമൂഹ്യപ്രവര്ത്തകരുടേയും പ്രവാസികളുടെ ഓരോ പ്രശ്നങ്ങളും വിശദമായി പരിശോധിക്കും. ഇന്ത്യയിലും വിദേശത്തും ഉള്ള പ്രവാസികള്ക്ക് അവരുടെ നിയമപ്രശ്നങ്ങള്ക്കുള്ള കൃത്യമായ മറുപടി നിയമ സഹായ ക്യാമ്പിലൂടെ ലഭ്യമാക്കുമെന്ന് അഡ്വ. അനില് കുമാര് കൊട്ടിയം പറഞ്ഞു.
പല നിയമപ്രശ്നങ്ങളിലും എന്ത് ചെയ്യണമെന്ന് പലര്ക്കും കൃത്യമായ ധാരണ ഇല്ലാത്ത സാഹചര്യമാണ് നിലവിലുളളത്. ഈ പശ്ചാത്തലത്തില് പ്രവാസികള്ക്കിടയില് നിയമബോധം വളര്ത്തിയെടുക്കുക എന്നതുകൂടിയാണ് സൗജന്യ നിയമ സഹായ ക്യാമ്പിലൂടെ ലക്ഷ്യമിടുന്നതെന്ന് അഡ്വ സനാഫര് അറക്കല് അഭിപ്രായപ്പെട്ടു.
നീതി മേളയില് പങ്കെടുക്കാന് ആഗ്രഹിക്കുന്നവര്ക്ക് 052 943 2858 എന്ന നമ്പറിവൂടെയും നീതിമേള അറ്റ് ജിമെയില്.കോം എന്ന ഇമെയിലില് കൂടിയും ബന്ധപ്പെടാം. പ്രത്യേക ലിങ്കിലൂടെയും രജിസ്ട്രേഷന് നടപടികള് പൂര്ത്തിയാക്കാനും സൗകര്യമുണ്ട്. റാഷിദിയ മെട്രോസ്റ്റേഷനില് നിന്നും പെയ്സ് മോഡേണ്ബ്രിട്ടിഷ് സ്കൂളിലേക്ക് സൗജന്യ ബസ്സ് സര്വീസും ഏര്പ്പെടുത്തിയിട്ടുണ്ട്.
Content Highlights: A legal aid camp is being organized in Dubai