യുഎഇയില് പുറം ജോലിചെയ്യുന്ന തൊഴിലാളികള്ക്ക് ഏര്പ്പെടുത്തിയ ഉച്ചവിശ്രമ സമയം അവസാനിച്ചു. കടുത്ത വേനല്ക്കാലത്ത് തൊഴിലാളികളെ ചൂടില് നിന്ന് സംരക്ഷിക്കുന്നതിനായാണ് ഉച്ചസമയത്ത് ജോലിക്ക് ഇടവേള നല്കിയിരുന്നത്. നാളെ മുതല് ജോലി സമയം പഴയ രീതിയില് ക്രമീകരിക്കും.
വേനല് ശക്തമായതിന് പിന്നാലെ ജുണ് 15നാണ് യുഎഇയില് പുറം ജോലി ചെയ്യുന്ന തൊഴിലാളികള്ക്ക് ഉച്ചക്ക് വിശ്രമം അനുവദിച്ചത്. 12.30 മുതല് മൂന്ന് മണി വരെയായിരുന്നു ഇടവേള. വേനല് ചൂടിന് നേരിയ ശമനം വന്നതിന് പിന്നാലെയാണ് വീണ്ടും ജോലി സമയം പഴയ രീതിയില് പുനക്രമീകരിക്കുന്നത്. നാളെ മുതല് രാവിലെ എട്ട് മുതല് വൈകിട്ട് അഞ്ച് വരെയായിരിക്കും തൊഴിലാളികളുടെ ജോലി സമയമെന്ന് മാനവ വിഭശേഷി സ്വദേശി വത്ക്കരണ മന്ത്രാലയം അറിയിച്ചു.
രാജ്യത്തെ 99 ശതമാനം കമ്പനികളും നിര്ദേശങ്ങള് കൃത്യമായി പാലിച്ചതായി മന്ത്രാലയം വ്യക്തമാക്കി. കമ്പനികള് നിയമം പാലിക്കുന്നണ്ടെന്ന് ഉറപ്പാക്കാന് 1,34,000 പരിശോധനകളാണ് മന്ത്രാലയത്തിന്റെ നേതൃത്വത്തില് നടത്തിയത്. 51 നിയമ ലംഘനങ്ങള് മാത്രമാണ് കണ്ടെത്തിയതന്നും മാനവിഭവശേഷി സ്വദേശി വത്ക്കരണ മന്ത്രാലയം അറിയിച്ചു.
കടുത്ത ചൂടില് നിന്ന് തൊഴിലാളികളെ സംരക്ഷിക്കുകയും അവരുടെ ആരോഗ്യം ഉറപ്പാക്കുകയും ചെയ്യുന്നതിന്റെ ഭാഗമായാണ് എല്ലാ വേനല്കാലത്തും ഉച്ചവിശ്രമ സമയം ഏര്പ്പെടുത്തുന്നത്. തുടര്ച്ചയായി 20-ാം വര്ഷമാണ് യുഎഇയില് തൊഴിലാളികള്ക്ക് മധ്യാഹ്ന വിശ്രമം അനുവദിച്ചത്. തൊഴിലാളികളെയും തൊഴിലുടമകളെയും ബോധവത്കരിക്കുന്നതിന് നിരവധി കാമ്പയനുകളും സംഘടിപ്പിച്ചിരുന്നു.
Content Highlights: UAE ends midday break for workers from today