യുഎഇയില് സ്വര്ണവിലയില് വീണ്ടും വര്ധന. 439 ദിര്ഹത്തിന് മുകളിലാണ് ഒരു ഗ്രാം 24 കാരറ്റ് സ്വര്ണത്തിന്റെ വില. ഇനിയും വില കൂടാന് സാധ്യതയുണ്ടെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്. എക്കാലത്തെയും ഉയര്ന്ന വിലയിലാണ് യുഎഇയില് ഇപ്പോള് സ്വര്ണ വ്യാപാരം നടക്കുന്നത്. 24 കാരറ്റിന്റെ ഒരു ഗ്രാം സ്വര്ണം വാങ്ങണമെങ്കില് 439 ദിര്ഹം 39 ഫില്സ് നല്കണം. ഇന്ത്യന് രൂപയുമായി താരതമ്യം ചെയ്യുമ്പോള് 10,500ന് മുകളില് വരുമിത്. രണ്ട് ദിര്ഹത്തിന് അടുത്താണ് ഇന്ന് ഒരു ഗ്രാം സ്വര്ണത്തിന്റെ വിലയില് വര്ദ്ധനവ് ഉണ്ടായത്. 22 കാരറ്റിന് 402 ദിര്ഹം 77 ഫില്സാണ് ഇപ്പോഴത്തെ വില. 21 കാരറ്റിന് 384 ദിര്ഹം 47 ഫില്സ്, 18 കാരറ്റിന് 329 ദിര്ഹം 54 ഫില്സ് എന്നിങ്ങനെയാണ് മറ്റ് വില വിവരം.
രണ്ട് ദിവസങ്ങള്ക്ക് മുമ്പ് യുഎഇയിൽ സ്വര്ണവിലയില് നേരിയ കുറവ് രേഖപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സ്വര്ണ വില വീണ്ടും സര്വകാല റെക്കോര്ഡില് എത്തിയത്. സ്വര്ണത്തിന്റെ വില വര്ദ്ധന വിപണിയെയും കാര്യമായി തന്നെ ബാധിച്ചിട്ടുണ്ട്. ഓണദിനങ്ങളിലും വ്യാപാര സ്ഥാപനങ്ങളില് താരതമ്യേന തിരക്ക് കുറവായിരുന്നു. കഴിഞ്ഞ കുറെ നാളുകളായി യുഎഇയില് സ്വര്ണവിലയില് കുതിപ്പ് തുടരുകയാണ്.
ഈ വര്ഷം ജനുവരി മുതല് സെപ്റ്റംബര് വരെയുളള കാലയളവില് 30ശതമാനത്തോളം വര്ദ്ധനവാണ് സ്വര്ണ വിലയില് ഉണ്ടായത്. നിക്ഷേപകരെ സംബന്ധിച്ച് സ്വര്ണവിലയിലെ കുതിപ്പ് ആശ്വാസം പകരുന്നതാണ്. എന്നാല് ഉപഭോക്താക്കളെ സംബന്ധിച്ച് നിരാശയുടെ ദിനങ്ങളാണ് കടന്നുപോകുന്നത്. യുഎസ് പണ നയം ലഘൂകരിക്കുന്നതും ഡോളറിന്റെ മൂല്യം കുറയുന്നതും സെന്ട്രല് ബാങ്കുകള് സ്വര്ണം വാങ്ങുന്നതും കാരണം സ്വര്ണവില ഇനിയും ഉയരാന് സാധ്യതയുണ്ടെന്നാണ് വിദഗ്ധര് ചൂണ്ടികാട്ടുന്നത്.
Content Highlights: Gold prices rise again in UAE, 439 dirhams per gram for 24 karat gold