ഗതാ​ഗത മേഖലയിൽ ആധുനിവത്ക്കരണം; സ്മാർട്ട് ട്രാഫിക് ലൈറ്റുമായി യുഎഇ

സെൻസറുകളും നിർമിത ബുദ്ധി അധിഷ്ഠിത ക്യാമറകളും ഉപയോഗിച്ചുള്ള ഈ സംവിധാനം ഗതാഗതം തത്സമയം നിരീക്ഷിക്കും

യുഎഇയിൽ ​ഗതാ​ഗത മേഖലയെ ആധുനിവത്ക്കരിക്കുന്നതിന്റെ ഭാ​ഗമായി സ്മാർട്ട് ട്രാഫിക് ലൈറ്റ് സംവിധാനവുമായി അബുദാബി ഇന്റ​ഗ്രേറ്റഡ് ട്രാൻസ്പോർട്ട് സെന്റർ. ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ സ്ട്രീറ്റിലേക്കുള്ള ഏഴ് പ്രധാന പ്രവേശന കവാടങ്ങളിലാണ് ട്രാഫിക് ലൈറ്റുകൾ സ്ഥാപിക്കുക. ഈ ആധുനിക ​ഗതാ​ഗത സംവിധാനം കൊണ്ടുവരുന്ന ലോകത്തെ ആദ്യ ന​ഗരമാകുകയാണ് അബുദാബി.

സെൻസറുകളും നിർമിത ബുദ്ധി അധിഷ്ഠിത ക്യാമറകളും ഉപയോഗിച്ചുള്ള ഈ സംവിധാനം ഗതാഗതം തത്സമയം നിരീക്ഷിക്കും. റോഡിലെ വാഹനത്തിരക്കിന് അനുസരിച്ച് വാഹനങ്ങൾക്ക് ആവശ്യമായ ട്രാഫിക് സി​ഗ്നൽ നൽകുവാനും ഈ സംവിധാനത്തിന് സാധിക്കും. തിരക്കേറിയ സമയങ്ങളിൽ, തിരക്ക് കുറയ്ക്കുന്നതിനായി റോഡിലേക്ക് പ്രവേശിക്കുന്ന വാഹനങ്ങളുടെ എണ്ണം പരിമിതപ്പെടുത്താൻ കഴിയുമെന്നതാണ് മറ്റൊരു പ്രത്യേകത. എന്നാൽ തിരക്ക് കുറവുള്ളപ്പോൾ കൂടുതൽ വാഹനങ്ങളെ കടത്തിവിടാൻ സാധിക്കും. വാഹനങ്ങളുടെ പ്രവേശനം നിയന്ത്രിക്കാനും ഗതാഗത സുരക്ഷ വർദ്ധിപ്പിക്കാനും ലക്ഷ്യമിട്ടുള്ളതാണ് പദ്ധതി.

ഈ സംവിധാനം ഷഖ്ബൗട്ട് ബിൻ സുൽത്താൻ സ്ട്രീറ്റ്, ദഫീർ സ്ട്രീറ്റ്, ഹദ്ബത് അൽ ഘുബൈന സ്ട്രീറ്റ് (പുറത്തേക്ക്), സലാമ ബിൻത് ബുട്ടി സ്ട്രീറ്റ്, അൽ ദഫ്ര സ്ട്രീറ്റ്, റബ്ദാൻ സ്ട്രീറ്റ്, ഉമ്മു യഫിന സ്ട്രീറ്റ് എക്സിറ്റ് (അകത്തേക്ക്) എന്നീ ഏഴ് പ്രധാന പ്രവേശന കവാടങ്ങളിൽ നടപ്പാക്കും. യുഎഇ ​ഗതാ​ഗത മേഖലയിൽ വലിയൊരു മാറ്റമാകും പദ്ധതിയിലൂടെ നടപ്പിലാകുകയെന്ന് അധികൃതർ വിലയിരുത്തി.

Content Highlights: Abu Dhabi launches AI-driven smart traffic lights to combat congestion

To advertise here,contact us