അടിയന്തര ഘട്ടങ്ങളിൽ മാധ്യമങ്ങളിലൂടെ കൃത്യമായ വിവരങ്ങൾ; ക്രൈസിസ് മീഡിയ നയവുമായി യുഎഇ

പദ്ധതിയുടെ ഭാഗമായി പ്രത്യേക പരിശീലന പരിപാടിക്കും തുടക്കം കുറിച്ചു

അടിയന്തര ഘട്ടങ്ങളില്‍ മാധ്യമങ്ങളിലൂടെ കൃത്യമായ വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുന്നതിന് ക്രൈസിസ് മീഡിയ കമ്യൂണിക്കേഷന്‍ നയവുമായി യുഎഇ ഭരണകൂടം. പ്രകൃതി ദുരന്തങ്ങളും അപകടങ്ങളും പോലെയുള്ള അടിയന്തിര സാഹചര്യങ്ങള്‍ വിദഗ്ധമായി കൈകാര്യം ചെയ്യുന്നതിന്റെ ഭാഗമായിക്കൂടിയാണ് പുതിയ പദ്ധതി ആവിഷ്‌ക്കരിച്ചിരിക്കുന്നത്.

ദുരന്തനിവാരണ രംഗത്ത് ലോകോത്തര നിലവാരം ലക്ഷ്യമിട്ടാണ് ദുബായ് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആന്‍ഡ് ഫോറിനേഴ്സ് അഫയേഴ്സ് ക്രൈസിസ് മീഡിയ കമ്യൂണിക്കേഷന്‍ സ്ട്രാറ്റജി തയ്യാറാക്കിയിരിക്കുന്നത്. അടിയന്തര സാഹചര്യങ്ങളിലും പ്രതിസന്ധികളിലും കൃത്യവും സമയോചിതവുമായ വിവരങ്ങള്‍ മാധ്യമങ്ങളിലൂടെ ജനങ്ങളിലേക്ക് എത്തിക്കാന്‍ പുതിയ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു.

ദുബായ് കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം അവതരിപ്പിച്ച ദുബായ് ഗവണ്‍മെന്റ് കമ്യൂണിക്കേഷന്‍ മാനുവലിന്റെ ഭാഗമായാണ് പുതിയ പദ്ധതി ആവിഷക്കരിച്ചിരിക്കുന്നത്. പദ്ധതിയുടെ ഭാഗമായി പ്രത്യേക പരിശീലന പരിപാടിക്കും തുടക്കം കുറിച്ചു. ഇതിനായി വിവിധ മോക്ഡ്രില്ലുകളും സംഘടിപ്പിച്ചു.

പ്രതിസന്ധി ഘട്ടങ്ങളെ വിദഗ്ധമായി കൈകാര്യം ചെയ്യാന്‍ കഴിയുമെന്ന് വ്യക്തമാക്കുന്നത് കൂടിയായിരുന്നു പ്രതിസന്ധിക്ക് സമാനമായ സാഹചര്യങ്ങള്‍ സൃഷ്ടിച്ചുകൊണ്ട് നടത്തിയ പരിശീലന പരിപാടി. പ്രതിസന്ധി ഘട്ടങ്ങളില്‍ മധ്യമങ്ങള്‍ക്ക് വിവരങ്ങള്‍ നല്‍കുന്നതിനൊപ്പം പൊതുജനാഭിപ്രായം എങ്ങനെ കൈകാര്യം ചെയ്യണമെന്നതടക്കമുളള കാര്യങ്ങളിലും പരിശീലനം നല്‍കി.

Content Highlights: UAE launches Crisis Media Communication Strategy

To advertise here,contact us