നിയമലംഘനം, ഒരുകൂട്ടം സമൂഹമാധ്യമ ഉപയോക്താക്കളെ വിചാരണ ചെയ്യാൻ യുഎഇ

ഉത്തരവാദിത്തമുള്ള മാധ്യമ അന്തരീക്ഷം വളര്‍ത്തിയെടുക്കുന്നതിനും മോശം ഉള്ളടക്കങ്ങളില്‍ നിന്നും സമൂഹത്തെ സംരക്ഷിക്കുന്നതിന്റെയും ഭാഗമായാണ് നടപടി

യു എ ഇയില്‍ നിയമലംഘനം നടത്തിയ ഒരുകൂട്ടം സമൂഹമാധ്യമ ഉപയോക്താക്കളെ പ്രോസിക്യൂട്ട് ചെയ്യാന്‍ തീരുമാനം. സമൂഹമാധ്യമങ്ങള്‍ സൂഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും മാനദണ്ഡങ്ങള്‍ ലംഘിച്ചാല്‍ ശക്തമായ നടപടി ഉണ്ടാകുമെന്നും നാഷണല്‍ മീഡിയ ഓഫീസ് വ്യക്തമാക്കി. സമൂഹമാധ്യമ ഉള്ളടക്കങ്ങളില്‍ മാനദണ്ഡ ലംഘനം കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഒരുകൂട്ടം ഉപയോക്താക്കളെ ഫെഡറല്‍ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയത്.

ഉത്തരവാദിത്തമുള്ള മാധ്യമ അന്തരീക്ഷം വളര്‍ത്തിയെടുക്കുന്നതിനും മോശം ഉള്ളടക്കങ്ങളില്‍ നിന്നും സമൂഹത്തെ സംരക്ഷിക്കുന്നതിന്റെയും ഭാഗമായാണ് നടപടിയെന്ന് നാഷണല്‍ മീഡിയ ഓഫീസ് അറിയിച്ചു. സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളില്‍ മാധ്യമ ധാര്‍മികതയും മൂല്യങ്ങളും പാലിക്കണമെന്നും നാഷണൽ മീഡിയ ഓഫീസ് അറിയിച്ചു.

എന്‍ എം സിയുടെ പ്രത്യേക സംഘം 24 മണിക്കൂറും സമൂഹമാധ്യമങ്ങളില്‍ നിരീക്ഷണം നടത്തുന്നുണ്ട്. പോസ്റ്റുകള്‍ മാത്രമല്ല കമന്റുകളും ലൈക്കുകളും വരെ നിരീഷണത്തിന് വിധേയമാക്കുന്നുണ്ട്. വ്യക്തിഹത്യ, അനുവാദമില്ലാതെ മറ്റുള്ളവരുടെ ഫോട്ടോകളും വിവരങ്ങളും പങ്കുവെക്കല്‍ എന്നിവയെല്ലാം ഗുരുതരമായ കുറ്റമാണ്. ഉള്ളടക്കങ്ങളില്‍ മാനദണ്ഡങ്ങള്‍ പാലിക്കാത്തവരെ കാത്തിരിക്കുന്നത് കനത്ത ശിക്ഷയാണ്. യുഎഇയുടെ സഹിഷ്ണുതയ്ക്കും സഹവര്‍ത്തിത്വത്തിനും വിരുദ്ധമായ ഉള്ളടങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്താല്‍ പത്ത് ലക്ഷം ദിര്‍ഹം വരെയായിരിക്കും പിഴ. ഗുരുതര കുറ്റങ്ങള്‍ക്ക് തടവുശിക്ഷയും അനുഭവിക്കേണ്ടി വരുമെന്നും നാഷണല്‍ മീഡിയ ഓഫീസ് മുന്നറിയിപ്പ് നല്‍കി.

Content Highlights: UAE to prosecute a group of social media users for violating the law

To advertise here,contact us