യുഎഇയിൽ സ്കൂളുകൾ തുറക്കുന്ന ദിവസം സർക്കാർ ജീവനക്കാർക്ക് ജോലിയിൽ ഇളവ്

സര്‍ക്കാര്‍ ജീവനക്കാരായ രക്ഷിതാക്കളെ കുട്ടികളെ സ്‌കൂളില്‍ എത്തിക്കുന്നതിനും തിരികെ വീടുകളില്‍ എത്തിക്കുന്നതിനുമാണ് ഇളവ് അനുവദിച്ചിരിക്കുന്നത്

യുഎഇയില്‍ ഈ മാസം 25ന് സ്‌കൂളുകൾ തുറക്കുന്ന ദിവസം സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ജോലി സമയത്തില്‍ ഇളവ്. മൂന്ന് മണിക്കൂര്‍ വരെയാണ് ജോലിസമയത്തില്‍ ഇളവ് അനുവദിച്ചിരിക്കുന്നത്. യുഎഇ ഗവണ്‍മെന്റ് ഹ്യൂമന്‍ റിസോഴ്സസ് അതോറിറ്റിയാണ് ഓഗസ്റ്റ് 25ന് ജോലി സമയത്തില്‍ ഇളവ് അനുവദിച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചത്.

സര്‍ക്കാര്‍ ജീവനക്കാരായ രക്ഷിതാക്കളെ കുട്ടികളെ സ്‌കൂളില്‍ എത്തിക്കുന്നതിനും തിരികെ വീടുകളില്‍ എത്തിക്കുന്നതിനുമാണ് ഇളവ് അനുവദിച്ചിരിക്കുന്നത്. ഇത് പ്രകാരം ആദ്യ സ്‌കൂള്‍ ദിനം രക്ഷിതാക്കള്‍ക്ക് ഓഫീസുകളില്‍ വൈകിയെത്താം. നേരത്തെ ജോലി അവസാനിപ്പിക്കുന്നതിനും അനുമതി ലഭിക്കും.

നഴ്സറികളിലും കിന്‍ഡര്‍ഗാര്‍ട്ടനുകളിലും പോകുന്ന കുഞ്ഞുങ്ങളുടെ രക്ഷിതാക്കള്‍ക്ക് ആദ്യ ഒരാഴ്ചത്തേക്ക് ജോലിസമയത്തില്‍ ഇളവ് അനുവദിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. പ്രതിദിനം മൂന്ന് മണിക്കൂര്‍ വരെയാണ് ഇളവ് അനുവദിച്ചിരിക്കുന്നത്. ഇത് കൂടാതെ പുതിയ അധ്യയനവര്‍ഷം സര്‍ക്കാര്‍ ജീവനക്കാരായ രക്ഷിതാക്കള്‍ക്ക് പി ടി എ മീറ്റിഗിലും ഗ്രാജുവേഷന്‍ സെറിമണിയിലും പങ്കെടുക്കുന്നതിനും മൂന്ന് മണിക്കൂര്‍ വരെ ഇളവ് അനുവദിക്കും. മന്ത്രാലയങ്ങളിലും വിവിധ ഫെഡറല്‍ സര്‍ക്കാര്‍ വകുപ്പുകളിലും ജോലി ചെയ്യുന്നവര്‍ക്കാണ് ഇളവുകള്‍ ലഭിക്കുക.

മധ്യവേനലവധിക്ക് ശേഷം യുഎഇയിലെ സ്‌കൂളുകള്‍ ഈ മാസം 25നാണ് തുറക്കുക. സ്കൂൾ തുറക്കുന്നതിന്റെ ഭാ​ഗമായുള്ള മുന്നൊരുക്കങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായി ജീവനക്കാര്‍ ഇന്ന് മുതല്‍ സ്‌കൂളുകളില്‍ എത്തിത്തുടങ്ങി. രണ്ടുമാസം നീണ്ട വേനലവധിക്ക് ശേഷമാണ് രാജ്യത്ത് വിദ്യാലയങ്ങള്‍ വീണ്ടും പ്രവര്‍ത്തനം ആരംഭിക്കുന്നത്. സ്വദേശങ്ങളിലേക്ക് അവധിക്ക് പോയ പ്രവാസി കുടുംബങ്ങള്‍ തിരിച്ചെത്തിത്തുടങ്ങി.

Content Highlights: UAE announces flexible work hours for some govt employees on first day of school

To advertise here,contact us