പ്രവാസി മലയാളിക്ക് അബുദാബിയിലെ ബിഗ് ടിക്കറ്റ് ബിഗ് വിൻ മത്സരത്തിൽ ലഭിച്ചത് 28 ലക്ഷത്തോളം രൂപ. വർഷങ്ങളായി ഭാഗ്യപരീക്ഷണം നടത്തുന്ന സ്മിറേഷ് അത്തിക്കുന്ന് പറമ്പിൽ കുഞ്ചനാണ് ഭാഗ്യശാലി. സ്പിൻ ആൻഡ് വിൻ മത്സരത്തിൽ 120,000 ദിർഹമാണ് കുഞ്ചന് ലഭിച്ച സമ്മാനതുക. പതിനേഴ് വർഷമായി പ്രവാസിയായ കുഞ്ചൻ, ഭാഗ്യപരീക്ഷണം നടത്തി മടുത്തതോടെ ഇടയ്ക്ക് വച്ച് ടിക്കറ്റുകള് വാങ്ങുന്നത് അവസാനിപ്പിച്ചിരുന്നു. ആറു മാസം മുമ്പാണ് വീണ്ടും ഭാഗ്യമൊന്ന് പരീക്ഷിച്ചാലോ എന്ന് വീണ്ടും ചിന്തിച്ചത്. എന്തായാലും ഇത്തവണ ഭാഗ്യദേവത കനിഞ്ഞു.
അലൂമിനിയം ഫാബ്രിക്കേഷൻ രംഗത്ത് നാലു പതിറ്റാണ്ടായി പ്രവർത്തിക്കുന്ന കുഞ്ചൻ കഴിഞ്ഞ 17 വർഷമായി അൽ എയിനിലാണ് താമസിക്കുന്നത്. കുടുംബം കേരളത്തിൽ തന്നെയാണ്. സുഹൃത്തുക്കളടങ്ങുന്ന 16 അംഗ സംഘത്തിനൊപ്പമാണ് കുഞ്ചൻ വീണ്ടും ടിക്കറ്റുകൾ വാങ്ങി തുടങ്ങിയത്. 28,59,000 ഇന്ത്യൻ രൂപയാണ് കുഞ്ചന് ലഭിക്കുക. ഇത് സുഹൃത്തുക്കളുമായി പങ്കുവയ്ക്കും. ഭാഗ്യം ഒരുവട്ടം തുണച്ചതിനാൽ ഇനിയും ടിക്കറ്റുകൾ വാങ്ങാനാണ് കുഞ്ചന്റെ തീരുമാനം.
കൂട്ടുകാരും കുഞ്ചനും ചേർന്ന് അടുത്ത ടിക്കറ്റും ഇപ്പോഴേ വാങ്ങിയിട്ടുണ്ട്. ഇനിയും ഭാഗ്യം പരീക്ഷിച്ചു കൊണ്ടേയിരിക്കുമെന്നും എപ്പോഴാണ് ഭാഗ്യം തേടിയെത്തുന്നതെന്ന് പറയാൻ കഴിയില്ലല്ലോയെന്നും കുഞ്ചൻ പറയുന്നു. സിംഗിൽ ട്രാൻസാക്ഷനിൽ രണ്ടോ അതിലധികമോ ടിക്കറ്റുകൾ പ്രമോഷണൽ സമയം വാങ്ങുന്നവരാണ് മത്സരത്തിന് യോഗ്യരാകുക. പങ്കെടുക്കുന്നവരുടെ വിവരങ്ങൾ ബിഗ് ടിക്കറ്റ് വെബ്സൈറ്റിൽ ലഭ്യമാക്കും. ഇത് മാസത്തിലെ ആദ്യ ദിവസം തന്നെയായിരിക്കും. ഇവർക്ക് ഗ്രാൻഡ് പ്രൈസ് ഡ്രോയിൽ പങ്കെടുക്കാം. അത് മാസത്തിലെ മൂന്നാം ദിനമായിരിക്കും. സ്പിൻ ആൻഡ് വിൻ മത്സരത്തിൽ 150k ദിർഹം വരെയാണ് സമ്മാനതുക.Content Highlights: Kerala expat won Abu Dhabi Big ticket contest