അജ്മാനിലെ റോഡുകളില് ഇനി ഇ-സ്കൂട്ടറുകളില് യാത്ര ചെയ്യാനാകില്ല. പൊതുനിരത്തുകളില് ഈ സ്കൂട്ടറുകള്ക്ക് സമ്പൂര്ണ നിരോധനം ഏര്പ്പെടുത്തിയിരിക്കുകയാണ് അജ്മാന് പൊലീസ്. ജനങ്ങളുടെ സുരക്ഷ കണക്കിലെടുത്താണ് നടപടിയെന്ന് പൊലീസ് വ്യക്തമാക്കി.
ഇ സ്കൂട്ടര് യാത്രക്കാര് നിയമലംഘനങ്ങള് ആവര്ത്തിക്കുകയും അത് അപകടങ്ങള്ക്ക് വഴിവക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് അജ്മാന് പോലീസിൻ്റെ നടപടി. എമിറേറ്റിലെ പൊതുനിരത്തുകളില് ഇ-സ്കൂട്ടറുമായി പ്രവേശിക്കരുതെന്നാണ് പൊലീസ് പൊതുജനങ്ങള്ക്ക് നല്കിയിരിക്കുന്ന നിര്ദേശം. എല്ലാത്തരത്തിലുള്ള ഈ സ്കൂട്ടറുകള്ക്കും നിരോധനം ബാധകമാണ്.
പൊതുജനങ്ങളുടെ സുരക്ഷ കണക്കിലെടുത്താണ് തീരുമാനം എന്ന് അജ്മാന് പൊലീസ് വ്യക്തമാക്കി. ഇ-സ്കൂട്ടറുകളും ഇരുചക്രവാഹനങ്ങളും ഓടിക്കുന്നവര് ജാഗ്രതപാലിക്കണമെന്നും നിയമലംഘനം നടത്തരുതെന്നും പൊലീസ് പല തവണ മുന്നറിയിപ്പ് നല്കിയിരുന്നു.
കഴിഞ്ഞ മാസവും ഇ സ്കൂട്ടര് യാത്രക്കാര്ക്കായി ഇത്തരത്തിലുളള മുന്നറിയിപ്പ് പുറപ്പെടുവിച്ചു. എന്നാല് അതിന് ശേഷം നിയമലംഘനങ്ങള്ക്ക് കുറവ് വന്നിട്ടില്ലെന്നാണ് പൊലീസിന്റെ വിലയിരുത്തല്. ഈ സാഹചര്യത്തിലാണ് സമ്പൂര്ണ നിരോധനം നടപ്പിലാക്കാനുള്ള തീരുമാനത്തിലേക്ക് പൊലീസ് എത്തിച്ചേര്ന്നത്. അബുദാബി, ദുബായി പൊലീസ് സേനകളും ഇ-സ്കൂട്ടര് നിയമലംഘനങ്ങള്ക്ക് എതിരെ നിരന്തരം മുന്നറിയിപ്പുകള് നല്കി വരുന്നുണ്ട്.
Content Highlights: Ajman bans use of electric scooters on roads, public streets