അബുദാബിയില് ടോള്നിരക്ക് ഈടാക്കുന്ന സമയം ദീര്ഘിപ്പിച്ചു. വൈകുന്നേരത്തെ സമയക്രമത്തിലാണ് മാറ്റം വരുത്തിയിരിക്കുന്നത്. പുതിയ സംവിധാനം അടുത്തമാസം ഒന്നിന് പ്രാബല്യത്തില് വരും. നിലവില് വൈകിട്ട് അഞ്ച് മണി മുതല് ഏഴ് മണി വരെയാണ് അബുദാബി നിരത്തുകളില് ടോള് നിരക്ക് ഈടാക്കുന്നത്. എന്നാല് അടുത്തമാസം ഒന്ന് മുതല് ഇതിന് മാറ്റം വരും.
വൈകിട്ട് മൂന്ന് മണി മുതല് ഏഴ് മണി വരെ ടോള് ഈടാക്കാനാണ് തീരുമാനം. രാവിലെത്തെ സമയത്തില് മാറ്റമുണ്ടാകില്ലെന്ന് അബുദബി മൊബിലിറ്റി അറിയിച്ചു. പ്രതിദിനം ആകെ ഈടാക്കുന്ന നിരക്കിലും അടുത്തമാസം ഒന്നുമുതല് മാറ്റം വരും. എത്രതവണ ടോള് ഗേറ്റ് കടന്നാലും പ്രതിദിനം 16 ദിര്ഹമാണ് ഇപ്പോള് ടോളായി ഈടാക്കുന്നത്. എന്നാല് പുതിയ മാറ്റങ്ങള് നിലവില് വരുന്നതോടെ ഓരോ തവണ ടോള് ഗേറ്റ് കടക്കുമ്പോഴും നാല് ദിര്ഹം വീതം നല്കേണ്ടി വരും.
ഭിന്നശേഷിക്കാര്, മുതിര്ന്ന പൗരന്മാര്, വിമരമിച്ചവര്, താഴ്ന്ന വരുമാനക്കാരായ കുടുംബങ്ങള് എന്നിവര്ക്കുള്ള ഇളവ് തുടരും. പ്രധാന പാതകളില് തിരക്കേറിയ സമയത്തെ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനാണ് ടോള് നിരക്ക് ഈടാക്കുന്ന സമയത്തില് മാറ്റം വരുത്തിയതെന്ന് അബുദാബി മൊബിലിറ്റി അറിയിച്ചു.
Content Highlights: Abu Dhabi extends daily road toll charging period by two hours