ഇന്റർനെറ്റ് കണക്റ്റിവിറ്റി 100 ശതമാനം; നേട്ടം കൈവരിച്ച് യുഎഇ

യുഎഇയിൽ മൊബൈൽ ഇന്റർനെറ്റ് സബ്സ്ക്രിപ്ഷനുകളുടെ എണ്ണം 100 താമസക്കാർക്ക് 203 ആയി ഉയർന്നിട്ടുണ്ട്

ഇന്റർനെറ്റ് കണക്റ്റിവിറ്റിയിൽ 100 ശതമാനം നേട്ടം കൈവരിച്ച് യുഎഇ. എമിറാത്ത് അൽ-യൂം ദിനപത്രമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ടെലികമ്മ്യൂണിക്കേഷൻസ് ആൻഡ് ഡിജിറ്റൽ ഗവൺമെന്റ് റെഗുലേറ്ററി അതോറിറ്റിയുടെ (TDRA) റിപ്പോർട്ട് പ്രകാരം, യുഎഇയിലെ എല്ലാ താമസക്കാർക്കും ഇപ്പോൾ ഇന്റർനെറ്റ് ലഭ്യമാണ്.

യുഎഇയിൽ മൊബൈൽ ഇന്റർനെറ്റ് സബ്സ്ക്രിപ്ഷനുകളുടെ എണ്ണം 100 താമസക്കാർക്ക് 203 ആയി ഉയർന്നിട്ടുണ്ട്. ഫോണുകളിൽ രണ്ട് ഇന്റർനെറ്റ് സംവിധാനം ഉപയോ​ഗിക്കുന്നവരുടെ എണ്ണം കൂടി വരുന്നതായാണ് ഈ കണക്കുകൾ സൂചിപ്പിക്കുന്നത്. ജോലിസ്ഥലങ്ങളിലും മറ്റ് സമയങ്ങളിലും ഇന്റർനെറ്റ് ഉപയോ​ഗിക്കുന്നതിനാണ് ചില വ്യക്തികൾ ഫോണുകളിൽ രണ്ട് ഇന്റർനെറ്റ് സംവിധാനം ഉപയോ​ഗിക്കുന്നത്. ഉപയോഗിക്കുന്ന സിം കാർഡുകൾ മാറ്റാതെ തന്നെ മികച്ച കണക്റ്റിവിറ്റിയുള്ള മറ്റൊരു സിം കാർഡ് ഉപയോ​ഗിക്കുകയാണ് മറ്റുചിലരുടെ ലക്ഷ്യം.

അതിനിടെ ജോലി സ്ഥലങ്ങളിലെ സിം കാർഡിലെ ഡേറ്റാ പ്ലാനുകൾക്കായി പ്രതിമാസം ഏകദേശം 350 ദിർഹം ചെലവാണ് വരുന്നത്. സ്വകാര്യഫോണിലെ ഇന്റർനെറ്റ് ഉപയോ​ഗത്തിന് 250 ദിർഹവും ചെലവ് വരും. ജോലി ആവശ്യങ്ങൾക്കുള്ള ഫോൺ എപ്പോഴും ഉപയോഗത്തിലാണെന്നാതാണ് ഇതിന് കാരണം. ക്ലയിന്റുകളുമായുള്ള കോളുകൾ, വീഡിയോ കോൺഫറൻസുകൾ എന്നിവ കാരണമാണ് ജോലി സ്ഥലങ്ങളിലെ ഇന്റർനെറ്റിന് കൂടുതൽ ചെലവ് വരുന്നത്.

യുഎഇയിൽ മികച്ച വേ​ഗതയിലുള്ള ഇന്റർനെറ്റ് ഉപയോ​ഗിക്കുന്നവരുടെ എണ്ണം 2024ൽ 100 താമസക്കാർക്ക് 41 ആയി ഉയർന്നിട്ടുണ്ടെന്നും ഡിജിറ്റൽ ഗവൺമെന്റ് റെഗുലേറ്ററി അതോറിറ്റിയുടെ പറയുന്നു. 2023ൽ ഇത് 37 ആയിരുന്നതായും റിപ്പോർട്ട് സൂചിപ്പിക്കുന്നു.

Content Highlights: UAE records 100% internet connectivity

To advertise here,contact us