യുദ്ധക്കെടുതിയില് വലയുന്ന ഗാസക്ക് വീണ്ടും സഹായവുമായി യുഎഇ ഭരണകൂടം. ജീവന്രക്ഷാ മരുന്നുകളും ആശുപത്രി ഉപകരണങ്ങളും ഉള്പ്പെടെയുള്ള സഹായമാണ് കൈമാറിയത്. പട്ടിണിയും രോഗങ്ങളും മൂലം വലയുന്ന പലസ്തീന് ജനതയെ ചേര്ത്തുപിടിക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് യു.എ.ഇ. ഗാസയില് തുടര്ച്ചയായി സഹായങ്ങള് എത്തിക്കുന്നത്.
നിരവധി ട്രക്കുകളിലായി മരുന്നുകളും മെഡിക്കല് ഉപകരണങ്ങളുമാണ് പുതിയതായി ഗാസക്ക് കൈമാറിയത്. ഗാസയിലെ പ്രധാന ആശുപത്രികളില് ഒന്നായ ഖാന് യൂനിസിലെ നാസര് മെഡിക്കല് കോംപ്ലക്സിലാണ് ലോകാരോഗ്യ സംഘടനയുടെ സഹായത്തോടെ സഹായം എത്തിച്ചിനല്കിയത്.
ഇസ്രയേല് ആക്രമണത്തില് തകര്ന്ന ഗാസയുടെ ആരോഗ്യമേഖലയ്ക്ക് ആശ്വാസം പകരുന്നതാണ് യുഎഇയുടെയും ലോകാരോഗ്യസംഘടനയുടെയും നീക്കം. പലസ്തീന് ആരോഗ്യമന്ത്രാലയം വഴിയാണ് ആരോഗ്യ കേന്ദ്രങ്ങള്ക്കുള്ള സഹായം യുഎഇ കൈമാറുന്നത്. ഗാസയിലെ ആരോഗ്യ സ്ഥാപനങ്ങളെ സഹായിക്കുന്നതിന് കൂടുതല് മെഡിക്കല് ഉപകരണങ്ങളും ഔഷധങ്ങളും എത്തിക്കുമെന്ന് യുഎഇ അറിയിച്ചു.
കരമാര്ഗ്ഗവും ആകാശമാര്ഗ്ഗവും ഗാസയില് ഭക്ഷ്യവസ്തുക്കള് എത്തിക്കുന്നതും യുഎഇ തുടരുകയാണ്. ദിവസങ്ങള്ക്ക് മുമ്പും യു.എ.ഇ ഗാസക്ക് സഹായം ലഭ്യമാക്കിയിരുന്നു. 214 ട്രക്കുകളിലായി 4565 ടണ് സഹായമായിരുന്നു അന്ന് നല്കിയത്. പലസ്തീന് ജനതയെ പിന്തുണയ്ക്കുന്നതിനും അവരുടെ പ്രതിരോധശേഷി വര്ദ്ധിപ്പിക്കുന്നതിനുമുള്ള യുഎഇയുടെ ഉറച്ച പ്രതിബദ്ധതയുടെ ഭാഗമായാണ് തുടര്ച്ചയായി സഹായങ്ങള് നല്കുന്നതെന്ന് അധികൃതര് പറഞ്ഞു. ഇതുവരെ എഴുപത് തവണയാണ് വിമാനങ്ങളില് നിന്നും ഭക്ഷ്യവസ്തുക്കള് എയര്ഡ്രോപ് ചെയ്തത്.
Content Highlights: UAE again provides aid to war-torn Gaza