'കൂള്‍ ദെയര്‍ സമ്മര്‍'; വേനൽ ചൂടിൽ തൊഴിലാളികൾക്ക് ആശ്വാസമായി അബുദാബി പൊലീസ്

തൊഴിലാളികള്‍ക്ക് കുടിവെള്ളം, ഭക്ഷണം, സണ്‍ഗ്ലാസുകള്‍, സണ്‍സ്‌ക്രീന്‍ എന്നിവയാണ് വിതരണം ചെയ്തത്

കടുത്ത വേനല്‍ ചൂടില്‍ തൊഴിലാളികള്‍ക്ക് ആശ്വാസമായി അബുദാബി പൊലീസ്. തൊഴിലാളികള്‍ക്ക് ഭക്ഷണവും വെള്ളവും വെയിലിനെ പ്രതിരോധിക്കുന്നതിനുള്ള സാധനങ്ങളും പോലീസ് ഉദ്യോഗസ്ഥര്‍ വിതരണം ചെയ്തു. 'കൂള്‍ ദെയര്‍ സമ്മര്‍' എന്ന പേരില്‍ സംഘടിപ്പിച്ച കാമ്പയിന്റെ ഭാഗമായിട്ടായിരുന്നു പരിപാടി.

കനത്ത ചൂടില്‍ രാജ്യത്ത് തുറസായ സ്ഥലങ്ങളില്‍ തൊഴിലെടുക്കുന്നവര്‍ക്ക് ആശ്വാസമായാണ് അബുദാബി പൊലീസിന്റെ സംരംഭം. ഫസ്റ്റ് അബുദബി ബാങ്കുമായി ചേര്‍ന്നാണ് പദ്ധതി. തൊഴിലാളികള്‍ക്ക് കുടിവെള്ളം, ഭക്ഷണം, സണ്‍ഗ്ലാസുകള്‍, സണ്‍സ്‌ക്രീന്‍ എന്നിവയാണ് വിതരണം ചെയ്തത്. അല്‍ ഐന്‍ പൊലീസ് ഡയറക്ടറേറ്റിലെ ലേബര്‍ അഫയേഴ്സ് വകുപ്പുമായി സഹകരിച്ചായിരുന്നു പദ്ധതി. അല്‍ഐന്റെ വിവിധ പ്രദേശങ്ങളിലുള്ള നിര്‍മാണ തൊഴിലാളികള്‍ക്കാണ് വേനല്‍ ചൂടിന് ആശ്വാസമായി സാധനങ്ങള്‍ എത്തിച്ചത്.

രാജ്യത്തിന്റെ പുരോഗതിയ്ക്ക് നിര്‍ണായക പങ്ക് വഹിക്കുന്ന തൊഴിലാളികളുടെ സുരക്ഷയും ക്ഷേമവും ഉറപ്പു വരുത്തുകയാണ് ലക്ഷ്യമെന്ന് സെക്യൂരിറ്റി മീഡിയാ ഡിപ്പാര്‍ട്ട്മെന്റ് മേധാവി ലഫ്റ്റനന്റ് കേണല്‍ നാസര്‍ അബ്ദുള്ള അല്‍ സാദി അറിയിച്ചു. രാജ്യത്ത് ഉച്ചവിശ്രമ നിയമം തുടരുന്നതിനാല്‍ തൊഴിലാളികള്‍ക്ക് വിശ്രമം അനുവദിക്കുന്നതിന് തൊഴിലുടമകള്‍ക്കും നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്.

Content Highlights: 'Cool Their Summer' event uplifts construction workers in the heat

To advertise here,contact us