കനത്ത ചൂടിൽ തുടർന്ന് യുഎഇ; 51 ഡി​ഗ്രി താപനില രേഖപ്പെടുത്തി

പകല്‍ സമയങ്ങളില്‍ പുറത്തിറങ്ങേണ്ടി വരുന്നവര്‍ നേരിട്ട് വെയില്‍ ഏല്‍ക്കുന്ന സാഹര്യം ഒഴിവാക്കണം

യുഎഇയില്‍ കനത്ത ചൂട് തുടരുക​യാണ്. ഈ ദിവസങ്ങളിൽ 51 ഡിഗ്രി സെല്‍ഷ്യസ് ചൂടാണ് യുഎഇയിൽ അനുഭവപ്പെടുന്നത്. ഇതോടെ ജനങ്ങൾക്ക് ആരോ​ഗ്യവിദ​ഗ്ധർ ജാ​ഗ്രതാനിർദ്ദേശവും നൽകിയിട്ടുണ്ട്. ചൂട് മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങള്‍ ഗുരുതര പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്നാണ് ആരോ​ഗ്യവിദ​ഗ്ധരുടെ മുന്നറിയിപ്പ്.

കനത്ത ചൂടിനെ പ്രതിരോധിക്കാന്‍ സുരക്ഷാ മുന്‍ കരുതലുകള്‍ സ്വീകരിക്കണമെന്നാണ് നിര്‍ദ്ദേശം. സൂര്യപ്രകാശം നേരിട്ട് ശരീരത്തില്‍ ഏല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. 12 മണി മുതല്‍ വൈകിട്ട് നാല് മണി വരെയുളള സമയങ്ങളില്‍ ജനങ്ങൾ പരമാവധി വീടുകളിലും ഓഫീസുകള്‍ക്കുള്ളിലും കഴിയണമെന്നും ആരോഗ്യ വിദഗ്ധര്‍ നിര്‍ദേശിച്ചു.

പകല്‍ സമയങ്ങളില്‍ പുറത്തിറങ്ങേണ്ടി വരുന്നവര്‍ നേരിട്ട് വെയില്‍ ഏല്‍ക്കുന്ന സാഹര്യം ഒഴിവാക്കണം. സൂര്യപ്രകാശം നേരിട്ട് ഏല്‍ക്കുന്നതു മൂലം നിര്‍ജലീകരണം, ക്ഷീണം, തലകറക്കം, ഛര്‍ദ്ദി തുടങ്ങിയ പ്രശ്നങ്ങള്‍ക്ക് കാരണമാകും. ശരീരത്തില്‍ ജലാംശം നിലനിര്‍ത്താന്‍ എപ്പോഴും ശ്രദ്ധിക്കണം.

ചൂടുകാലത്ത് ലിനന്‍, കോട്ടണ്‍ പോലുള്ള കനം കുറഞ്ഞ വസ്ത്രങ്ങള്‍ ധരിക്കണം. കുട്ടികള്‍, പ്രായമായവര്‍, ഗര്‍ഭിണികള്‍, മറ്റ് രോഗങ്ങള്‍ക്ക് മരുന്ന് കഴിക്കുന്നവര്‍, കരള്‍, വൃക്ക ഹൃദ്രോഹം തുടങ്ങിയ രോഗങ്ങളുള്ളവര്‍ അതീവജാഗ്രത പുലര്‍ത്തണമെന്നും നിര്‍ദേശത്തില്‍ പറയുന്നു. ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടായാല്‍ ഉടന്‍ വൈദ്യസഹായം തേടണമെന്നും ആരോഗ്യ വിദഗ്ധര്‍ നിര്‍ദേശിച്ചു.

Content Highlights: UAE heatwave hits record 51.8 degrees

To advertise here,contact us