ഗാര്ഹിക തൊഴിലാളി റിക്രൂട്ട്മെന്റ് ഏജന്സികളുടെ നിയമലംഘനത്തിന് പിഴ ചുമത്തി യുഎഇ മാനവവിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയം. 40 ഏജന്സികളിലായി 140 നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. 2025ലെ ആദ്യ പകുതിയിലെ നിയമലംഘനങ്ങളുടെ കണക്കുകളും മന്ത്രാലയം പുറത്തുവിട്ടു.
ഗാര്ഹിക തൊഴിലാളികളുടെ നിയമനവും തൊഴില്പരമായ കാര്യങ്ങളും നിര്വ്വഹിക്കുന്നതില് പരാജയപ്പെട്ടതിനാണ് റിക്രൂട്ടിംഗ് ഏജന്സികള്ക്ക് പിഴ ചുമത്തിയത്. നിയമലംഘനത്തിന് നടപടി നേരിട്ട സ്ഥാപനങ്ങള്ക്കെതിരെ നിയമപരമായ നടപടികള് സ്വീകരിച്ചതായി മാനവവിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയം അറിയിച്ചു. നിയമലംഘനങ്ങള് ആവര്ത്തിക്കുന്ന സ്ഥാപനങ്ങളുടെ ലൈസന്സ് റദ്ദാക്കും. ഗാര്ഹിക തൊഴിലാളികളെ ജോലിയില് നിന്നും തിരികെ അയച്ചാല് റിക്രൂട്ടിംഗ് ഏന്സി റിക്രൂട്ട്മെന്റ് ഫീസ് മുഴുവനായോ ഭാഗീകമായോ തിരികെ നല്കണം. ജോലി നിര്ത്തിയതായി റിപ്പോര്ട്ട് ചെയ്ത തിയതി മുതല് രണ്ടാഴ്ചക്കുള്ളില് തൊഴിലുടമയ്ക്ക് റിക്രൂട്ട്മെന്റ് ഫീസുകള് മുഴുവനായോ ഭാഗീകമായോ നല്കണം. ഇത്തരം ലംഘനങ്ങള്ക്കാണ് പിഴ ചുമത്തിയതെന്ന് മന്ത്രാലയം അറിയിച്ചു.
ഗാര്ഹിക തൊഴിലാളികളെ നിയമിക്കുന്നതില് കൃത്യമായ മാര്ഗനിര്ദ്ദേശങ്ങള് മന്ത്രാലയം പുറപ്പെടുവിച്ചിട്ടുണ്ട്. റിക്രൂട്ടിങ് ഓഫീസുകള് പ്രവര്ത്തനം നിരീക്ഷിച്ചു വരുന്നതായി മന്ത്രാലയം അറിയിച്ചു. ഫീല്ഡ്, ഓണ്ലൈന് പരിശോധനകളാണ് നടത്തുന്നത്. കഴിഞ്ഞ ദിവസം സമൂഹമാധ്യത്തിലൂടെ ലൈസന്സില്ലാതെ പ്രവര്ത്തിച്ച് ഏജന്സികള്ക്കെതിരെ നടപടി സ്വീകരിച്ചിരുന്നു.
Content Highlights: UAE fines domestic worker recruitment agencies for violating laws