യാത്രകൾ വേ​ഗത്തിലാക്കാൻ എയർ ടാക്സി ഒരുക്കി അബുദാബി; പരീക്ഷണ പറക്കൽ ജൂലൈയിൽ

കാറില്‍ ഒന്നര മണിക്കൂര്‍ കൊണ്ട് എത്തിച്ചേരുന്ന സ്ഥലങ്ങളില്‍ ഫ്‌ളൈയിങ് ടാക്‌സിയില്‍ 10 മുതല്‍ 20 മിനിട്ടിനുള്ളില്‍ എത്തിച്ചേരാന്‍ കഴിയും

യുഎഇയിലെ ആദ്യത്തെ എയർ ടാക്‌സി പരീക്ഷണ പറക്കലിന് ഒരുങ്ങുന്നു. അല്‍ഐനില്‍ ജൂലൈയിലാണ് പരീക്ഷണ പറക്കൽ നടക്കുക. 2025ന്റെ അവസാനത്തോടെ എയര്‍ ടാക്‌സി പൂര്‍ണമായും സര്‍വീസ് ആരംഭിക്കുമെന്ന് റിപ്പോര്‍ട്ടുകൾ വ്യക്തമാക്കിയിരുന്നു. സർവീസ് ആരംഭിക്കുന്നതിന് മുന്നോടിയായാണ് പരീക്ഷണ പറത്തല്‍ നടത്തുന്നത്. ഭൂമിയില്‍ നിന്നും 500 മുതല്‍ 3000 മീറ്റര്‍ വരെ ഉയരത്തിലായിരിക്കും പരീക്ഷണാടിസ്ഥാനത്തില്‍ എയര്‍ ടാക്‌സി പറക്കുക.

പരീക്ഷണ പറക്കലിനായി ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി പ്രത്യേക വ്യോമപാത ഒരുക്കിയിട്ടുണ്ടെന്നും, അനുമതി ലഭിക്കാനുള്ള അവസാന ഘട്ടത്തിലാണ് കാര്യങ്ങളെന്നും യുഎസ് ആസ്ഥാനമായുള്ള ആര്‍ച്ചര്‍ ഏവിയേഷന്റെ സിഇഒ അറിയിച്ചു. ആർച്ചർ ഏവിയേഷനാണ് എയർ ടാക്സിയുടെ കാര്യങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നത്.

ഒരേസമയം ഹെലികോപ്ടര്‍, ഫ്‌ളൈയിങ് ടാക്‌സി എന്നിവയ്ക്ക് ഒരുമിച്ച് ടെര്‍മിനേറ്റ് ചെയ്യാന്‍ സാധിക്കുന്ന വിധത്തില്‍ അബുദാബി മിനാ സായിദിലെ ക്രൂസ് ടെര്‍മിനല്‍ ഹെലിപാഡിനെ ഹൈബ്രിഡ് ഹെലിപോര്‍ട്ടാക്കി മാറ്റാനാണ് തീരുമാനം. ഇതിനായുള്ള ആര്‍ച്ചിന്റെ രൂപകല്‍പനയ്ക്ക് ജിസിഎഎ അംഗീകാരം നല്‍കിയിട്ടുണ്ട്. ഫ്‌ളൈയിങ് ടാക്‌സി സേവനമാരംഭിക്കുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ മാര്‍ച്ചിലായിരുന്നു ആര്‍ച്ചര്‍ ഏവിയേഷനുമായി കരാര്‍ ഒപ്പുവച്ചത്. കരാര്‍ പ്രകാരം ദുബായിലേയും അബുദാബിയിലെയും പ്രധാനപ്പെട്ട സ്ഥലങ്ങളില്‍ എയര്‍ ടാക്‌സിയുടെ സേവനം ലഭ്യമാക്കുന്നതിന് വെര്‍ട്ടിപോര്‍ട്ടലുകള്‍ നിര്‍മ്മിക്കും. പദ്ധതിയുടെ ആദ്യഘട്ടത്തില്‍ അബുദാബിക്കുള്ളില്‍ മാത്രമായിരിക്കും സേവനം ഉണ്ടായിരിക്കുക.

കാറില്‍ ഒന്നര മണിക്കൂര്‍ കൊണ്ട് എത്തിച്ചേരുന്ന സ്ഥലങ്ങളില്‍ ഫ്‌ളൈയിങ് ടാക്‌സിയില്‍ 10 മുതല്‍ 20 മിനിട്ടിനുള്ളില്‍ എത്തിച്ചേരാന്‍ കഴിയും. നഗരത്തിനുള്ളിലെ എയർ ടാക്സി സേവനങ്ങള്‍ക്ക് കുറഞ്ഞത് 300 ദിര്‍ഹമാണ് നിരക്ക്.

2026 പകുതിയോടെ അബുദാബിയില്‍ നിന്ന് പ്രധാനപ്പെട്ട സ്ഥലങ്ങളായ പാംജുമൈറ, റാസല്‍ഖൈമ, അല്‍ഐന്‍ എന്നിവിടങ്ങളിലേക്ക് കൂടി സര്‍വീസ് ആരംഭിക്കുമെന്നാണ് വൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്ന സൂചന. വേഗത്തില്‍ എത്തുന്നതോടൊപ്പം കാഴ്ചകള്‍ ആസ്വദിച്ചുള്ള യാത്രയൊരുക്കാൻ ആകാശ ദൃശ്യങ്ങള്‍ കൂടി ഉൾപ്പെടുത്തിയായിരിക്കും സര്‍വീസുകളെന്ന് വൃത്തങ്ങള്‍ അറിയിച്ചു.

പാംജുമൈറയിലെ അറ്റ്‌ലാന്റിസ്, അബുദാബി കോര്‍ണിഷിലെ മറീന മാള്‍ എന്നിവിടങ്ങളില്‍ നിലവിലുള്ള വെര്‍ട്ടിപോര്‍ട്ടുകള്‍ കേന്ദ്രീകരിച്ചായിരിക്കും ഫ്‌ളൈയിങ് ടാക്‌സി സര്‍വീസ് നടത്തുക. ആര്‍ച്ചറിന്റെ ആപ്പ് ടിക്കറ്റുകള്‍ ബുക്ക് ചെയ്യാവുന്നതാണ്.Content Highlight; Abu Dhabi to Launch Air Taxi Test Flights This July

To advertise here,contact us