സോഷ്യല്‍ മീഡിയയിലെ നെഗറ്റീവ് റിവ്യൂ; യുവാവിന് 16 ലക്ഷം പിഴയിട്ട് യുഎഇയിലെ അല്‍ഐന്‍ കോടതി

ഒരു വ്യാപാര സ്ഥാപനത്തിന്റെ ഉടമ നല്‍കിയ പരാതിയിലാണ് നടപടി

സോഷ്യല്‍ മീഡിയയില്‍ ഒരാള്‍ക്കെതിരെയോ സ്ഥാപനങ്ങള്‍ക്കെതിരെയോ അപകീര്‍ത്തിപരമായ കമന്റുകളും പോസ്റ്റുകളും ഇടുന്ന ധാരാളം ആളുകളെ നമ്മള്‍ കണ്ടിട്ടുണ്ട്. ശ്ശെടാ ഇവനൊക്കെ എങ്ങനെ ഇത്ര ധൈര്യം ഉണ്ടായി… എന്തൊക്കെയാണ് എഴുതി പിടിപ്പിച്ചിരിക്കുന്നത് എന്ന് ചിലരൊക്കെ ചിന്തിച്ചിട്ടുമുണ്ടാവും. ചിലര്‍ക്കെതിരെയൊക്കെ നിയമനടപടികളും ഉണ്ടാവാറുണ്ട്. എന്നാല്‍ യുഎഇയില്‍ നടന്ന ഒരു സംഭവം ഇങ്ങനെയാണ്.

സോഷ്യല്‍ മീഡിയയില്‍ അപകീര്‍ത്തികരമായ പോസ്റ്റുകള്‍ ഇട്ട് ഒരു വ്യാപാര സ്ഥാപനത്തിന്റെ പ്രതിച്ഛായയ്ക്ക് കോട്ടം വരുത്തുകയും സാമ്പത്തിക നഷ്ടം ഉണ്ടാക്കുകയും ചെയ്ത യുവാവിന് 70,000 ദിര്‍ഹം( 16.21 ലക്ഷം രൂപ) നഷ്ടപരിഹാരം നല്‍കാനാണ് യുഎഇ യിലെ അല്‍ ഐന്‍ കോടതി ഉത്തരവിട്ടിരിക്കുന്നത്. അല്‍ ഐന്‍ സിവില്‍ കൊമേഴ്‌സ്യല്‍ അഡ്മിനിസ്‌ട്രേറ്റീവ് ക്ലെയിംസ് കോടതിയാണ് ഇങ്ങനെ ഒരു വിധി പുറപ്പെടുവിച്ചിരിക്കുന്നതെന്ന് ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

യുഎഇ യിലെ ഒരു വ്യാപാര സ്ഥാപനത്തിന്റെ ഉടമയാണ് പരാതി നല്‍കിയത്. തന്റെ സ്ഥാപനത്തിനെതിരെ ഒരു യുവാവ് സോഷ്യല്‍ മീഡിയയിലൂടെ പോസ്റ്റുകള്‍ ഇട്ടെന്നും ഇത് തന്റെ സ്ഥാപനത്തിന്റെ പ്രതിച്ഛായയെ ബാധിച്ചുവെന്നും വില്‍പനയില്‍ ഇടിവുണ്ടാക്കുകയും ചെയ്തുവെന്നാണ് വ്യാപാരി കോടതിയില്‍ പറഞ്ഞത്. യുവാവ് സോഷ്യല്‍ മീഡിയയില്‍ സ്ഥാപനത്തെ അപമാനിച്ചുകൊണ്ട് പോസ്റ്റ് ചെയ്ത വീഡിയോയും, ഓണ്‍ലൈന്‍ ചാറ്റും മറ്റും കോടതിയില്‍ പരാതിക്കാരന്‍ ഹാജരാക്കി. തുടര്‍ന്ന് തെളിവുകള്‍ പരിശോധിച്ച കോടതി യുവാവ് കുറ്റക്കാരനാണെന്ന് കണ്ടെത്തുകയായിരുന്നു. മുമ്പ് ഒരു ക്രിമിനല്‍ കോടതിയും യുവാവ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു.

സിവില്‍ നടപടികളില്‍ നഷ്ടപരിഹാരം എന്ന ആവശ്യം തളളണമെന്ന് പ്രതി ആവശ്യമുന്നയിച്ചിരുന്നു. അപകീര്‍ത്തിയുണ്ടാക്കി എന്ന് ആരോപിക്കപ്പെട്ട സമയത്ത് വില്‍പനയില്‍ യഥാര്‍ഥത്തില്‍ ഇടിവുണ്ടായോ എന്നറിയാന്‍ ഫെഡറല്‍ ടാക്‌സ് അതോറിറ്റിയോട് വ്യാപാര സ്ഥാപനത്തിന്റെ നികുതി രേഖകള്‍ ഹാജരാക്കാന്‍ കോടതി ആവശ്യപ്പെട്ടിരുന്നു. ഇതടക്കമാണ് വ്യാപാരി കോടതിയില്‍ തെളിവുകള്‍ സമര്‍പ്പിച്ചത്.

Content Highlights :Al Ain court in UAE fines youth 1.6 million for intentionally posting negative reviews on social media

To advertise here,contact us