ജൂൺ ഒന്ന് മുതൽ മിനിമം ബാലൻസ് 5,000 ദിർഹം; പുതിയ തീരുമാനവുമായി യുഎഇ ബാങ്കുകൾ

ചില ബാങ്കുകളുടെ ഈ പുതിയ തീരുമാനം സാധാരണക്കാർക്ക് തിരിച്ചടിയാകുമെന്നാണ് വിലയിരുത്തലുകള്‍

ജൂൺ ഒന്ന് മുതൽ യുഎഇയിലെ ചില ബാങ്കുകൾ മിനിമം ബാലൻസ് 5000 ദിർഹമായി ഉയർത്താനൊരുങ്ങുന്നു. മിനിമം ബാലൻസ് ഇല്ലാത്ത അക്കൗണ്ടുകളിൽ നിന്ന് പ്രതിമാസം 25 ദിർഹം ഈടാക്കാനാണ് ബാങ്കുകളുടെ തീരുമാനം. അക്കൗണ്ട് തരംതിരിച്ച് ഈടാക്കുന്ന തുകയിൽ വ്യത്യാസങ്ങളുണ്ടാകുമെന്ന് റിപ്പോർട്ടുകൾ പറയുന്നു. നിലവിൽ യുഎഇയിലെ ബാങ്കുകളിൽ മിനിമം ബാലൻസ് 3000 ദിർഹമാണ്.

പുതിയ തീരുമാനം ജൂൺ ഒന്ന് മുതലാണ് പ്രാബല്യത്തിൽ വരിക. നിലവില്‍ ക്രെഡിറ്റ് കാർഡ്, വ്യക്തിഗത ലോൺ, ഓവർ ഡ്രാഫ്റ്റ് തുടങ്ങിയവ ഉള്ളവരില്‍ നിന്ന് മിനിമം ബാലന്‍സില്ലാത്തതിന്‍റെ പേരില്‍ പിഴ ഈടാക്കുകയില്ല.

സാധാരണക്കാർക്ക് ഈ നിയമം തിരിച്ചടിയാകുമെന്നാണ് ഇപ്പോള്‍ വരുന്ന വിലയിരുത്തലുകള്‍.

മിനിമം ബാലൻസ് വർധിപ്പിക്കുന്നത് ബാങ്കുകൾക്ക് ഗുണം ചെയ്യുമെങ്കിലും കുറഞ്ഞ ശമ്പളത്തിൽ ജീവിക്കുന്നവർക്ക് ഇത് വലിയ തിരിച്ചടിയാണ്. പുതിയ നയപ്രകാരം സാധാരണക്കാർക്ക് ജീവിച്ച് പോകാൻ ജീവിതച്ചിലവുകൾ കുറയ്ക്കുകയോ, വായപയെടുക്കുകയോ വേണ്ടിവരുമെന്ന് സാമ്പത്തിക വിദഗ്ധർ അഭിപ്രായപ്പെടുന്നു.

മെച്ചപ്പെട്ട ശമ്പളം ലഭിച്ചാൽ പോലും പ്രവാസികളായ ആളുകൾക്ക് അവിടുത്തെ ബാങ്ക് അക്കൗണ്ടിൽ 5,000 രൂപ മിനിമം ബാലൻസ് നിലനിര്‍ത്തുക എന്നത് അത്ര പ്രായോഗികമല്ലെന്നാണ് ഇവര്‍ ചൂണ്ടിക്കാണിക്കുന്നത്.

20,000 ദിർഹമോ അതിലധികമോ ബാലൻസ് അക്കൗണ്ടിലുള്ളവർക്കും, 15,000 ദിര്‍ഹം മുതൽ പ്രതിമാസ വരുമാനം അക്കൗണ്ടിലേക്ക് ക്രെഡിറ്റാവുന്നവർക്കും പുതിയ നിയമം ബാധകമല്ല. 5,000ത്തിനും 15000ത്തിനും ഇടയിൽ ശമ്പളമുള്ളവർക്കും പിഴ ബാധകമാവില്ല. Content Highlight; UAE Banks to Increase Minimum Balance Requirement Starting June 1

To advertise here,contact us