കഴിഞ്ഞ ദിവസമാണ് അബുദാബിയിലെ ഏറ്റവും വലിയ നറുക്കെടുപ്പുകളിൽ ഒന്നായി ബിഗ് ടിക്കറ്റ് നറുക്കെടുപ്പ് നടത്തിയത്. തിരുവനന്തപുരം സ്വദേശിയായ താജുദ്ദീൻ അലിയാർ കുഞ്ഞിന്റെ പേരിൽ എടുത്ത ടിക്കറ്റിനാണ് 25 മില്യണ് ദിർഹം സമ്മാനമായി ലഭിച്ചത്. നറുക്കെടുപ്പ് ദിവസം ബിഗ് ടിക്കറ്റ് അധികൃതർ താജുദ്ദീനെ വിളിക്കാൻ ശ്രമിച്ചിരുന്നെങ്കിലും സാധിച്ചിരുന്നില്ല. താജുദ്ദീൻ നൽകിയ നാട്ടിലെ നമ്പറിൽ വിളിച്ചപ്പോൾ താജുദ്ദീന്റെ ഭാര്യ ഫോണ് എടുത്തെങ്കിലും കട്ട് ചെയ്തു.
ഇപ്പോഴിതാ താജുദ്ദീന്റെ പ്രതികരണം എത്തിയിരിക്കുകയാണ്. ബിഗ് ടിക്കറ്റ് വിജയി ആയി എന്ന വാർത്ത തനിക്ക് വിശ്വസിക്കാൻ സാധിച്ചില്ലെന്നും ഇത് അഞ്ചാം തവണയാണ് ടിക്കറ്റ് എടുക്കുന്നതെന്നും താജുദ്ദീൻ ഖലീജ് ടെെംസിനോട് പറഞ്ഞു. 40 വർഷമായി സൗദി അറേബ്യയിലെ അൽ ഹെയ്ലിൽ ആണ് താജുദ്ദീൻ ജോലി ചെയ്യുന്നത്. സൗദിയിൽ ചെറിയ ബിസിനസ് നടത്തുന്ന താജുദ്ദീനടക്കം 16 പേർ ചേർന്നാണ് ബിഗ് ടിക്കറ്റ് എടുത്തത്.
ഓരോരുത്തരും ഓരോ തവണയും 70 ദിർഹം വീതം നൽകി രണ്ട് ജാക്ക് പോട്ട് ടിക്കറ്റുകളാണ് വാങ്ങാറുള്ളതെന്ന് താജുദ്ദീൻ പറയുന്നു. ഇത്തവണ, ഒരു പ്രമോഷന്റെ ഭാഗമായി തങ്ങൾക്ക് രണ്ട് സൗജന്യ ടിക്കറ്റുകൾ ലഭിച്ചെന്നും ഈ സൗജന്യ ടിക്കറ്റുകളിൽ ഒന്നിനാണ് ജാക്ക്പോട്ട് സമ്മാനം ലഭിച്ചതെന്നും താജുദ്ദീൻ പറഞ്ഞു. 16 പേർ ചേർന്നാണ് ടിക്കറ്റ് എടുത്തതെങ്കിലും 17 ഭാഗമായിട്ടാണ് സമ്മാനം വീതിക്കുകയെന്നും താജുദ്ദീൻ പറയുന്നു. അധികമായി വീതിക്കുന്ന ഒരു ഭാഗം ചാരിറ്റിക്കായി നൽകും. ആദ്യമായി ടിക്കറ്റ് വാങ്ങിയ അന്ന് തന്നെ ഇക്കാര്യം തീരുമാനിച്ചിരുന്നതാണെന്നും താജുദ്ദീൻ പറയുന്നു.
ടിക്കറ്റിനായി രജിസ്റ്റർ ചെയ്യുമ്പോൾ ഇന്ത്യൻ നമ്പർ തെറ്റായി നൽകുകയായിരുന്നെന്നും അതിനാലാണ് ബിഗ് ടിക്കറ്റ് ടീം കേരളത്തിലേക്ക് വിളിച്ചതെന്നും താജുദ്ദീൻ പറഞ്ഞു. 'എന്റെ ഭാര്യയാണ് കോൾ എടുത്തത്, പക്ഷേ അതൊരു തമാശയാണെന്ന് കരുതി കോൾ കട്ട് ചെയ്തു,' എന്നും താജുദ്ദീൻ ഖലീജ് ടൈംസിനോട് പറഞ്ഞു. ടിക്കറ്റിന്റെ നറുക്കെടുപ്പ് വീഡിയോ കണ്ട തന്റെ അളിയനാണ് തനിക്ക് ജാക്ക്പോട്ട് അടിച്ച കാര്യം വിളിച്ച് അറിയിച്ചതെന്നും താജുദ്ദീൻ പറയുന്നു.
ആദ്യം ഇക്കാര്യം പറഞ്ഞപ്പോൾ തമാശ പറയരുതെന്നായിരുന്നു താൻ പറഞ്ഞതെന്നും എന്നാൽ തന്റെ പേരും ടിക്കറ്റ് നമ്പരും കാണിച്ചപ്പോളാണ് വിശ്വാസമായതെന്നും ആ സമയത്ത് ഞാൻ ഭൂമിയിൽ നിന്ന് പൊന്തിപോകുന്നപോലെയാണ് തോന്നിയതെന്നും താജുദ്ദീൻ പറയുന്നു.
പണം എങ്ങനെ ഉപയോഗിക്കണമെന്ന് ഗ്രൂപ്പ് ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നും താജുദ്ദീൻ വ്യകതമാക്കി. 'ഞങ്ങൾ ഒരു മീറ്റിംഗ് വിളിച്ചിട്ടുണ്ട്. വിജയിച്ച പണം എന്തുചെയ്യണമെന്ന് ഞങ്ങൾ ഒരുമിച്ച് ഇരുന്ന് തീരുമാനിക്കും,' എന്നാണ് അദ്ദേഹം പറഞ്ഞത്.
Content Highlights: Malayali NRI Tajuddin Aliyar Kunju who won the big ticket worth 57 crores Responce about victory