ഭാ​ഗ്യം എന്നൊക്കെ പറഞ്ഞാല്‍ ഇതാണ്... രണ്ട് നറുക്കെടുപ്പുകളില്‍ വിജയി, കോടീശ്വരനായി പ്രവാസി

മാർച്ച് 7ന് ഓൺലൈനായി വാങ്ങിയ 2525 എന്ന നമ്പർ ടിക്കറ്റാണ് സമ്മാനാർഹമായത്

ദുബായ്: രണ്ട് വർഷത്തിനുള്ളിൽ ദുബായ് ഡ്യൂട്ടി ഫ്രീ (ഡിഡിഎഫ്) നറുക്കെടുപ്പിലൂടെ ഒരു ആഡംബര കാറും ഒരു മില്യൺ ഡോളറും നേടി പ്രവാസി. അബുദാബിയിൽ താമസിക്കുന്ന 64 കാരനായ സിറിയൻ പൗരനായ മെയ്ദ് ഹസ്സനാണ് ആ ഭാ​ഗ്യം ലഭിച്ചത്. ദുബായ് ഡ്യൂട്ടി ഫ്രീയുടെ മില്ലെനിയം മില്ലനയർ സീരിസ് 495 നറുക്കെടുപ്പിൽ ഒരു മില്യൺ ഡോളർ ആണ് (എട്ട് കോടിയിലേറെ ഇന്ത്യന്‍ രൂപ) അദ്ദേഹത്തിന് സ്വന്തമാക്കാനായത്. മാർച്ച് 7 ന് ഓൺലൈനായി വാങ്ങിയ 2525 എന്ന നമ്പർ ടിക്കറ്റാണ് സമ്മാനാർഹമായത്. ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ കോൺകോഴ്സ് ബിയിൽ വ്യാഴാഴ്ച നടന്ന നറുക്കെടുപ്പിലാണ് മയീദ് സമ്മാനം നേടിയത്.

33 വർഷമായി യുഎഇയിൽ താമസിക്കുന്ന ഹസ്സൻ, കമ്പൈൻഡ് ഗ്രൂപ്പ് കോൺട്രാക്ടിംഗ് കമ്പനിയിൽ മെക്കാനിക്കൽ എഞ്ചിനീയറായി ജോലി ചെയ്തുവരികയാണ്. 2023 ഒക്ടോബറിൽ ഫൈനസ്റ്റ് സർപ്രൈസ് സീരീസ് 1853 ൽ 0068 എന്ന ടിക്കറ്റ് നമ്പറിൽ ഒരു മെഴ്‌സിഡസ് ബെൻസ് S500 കാർ സ്വന്തമാക്കിയിരുന്നു.

ഒമ്പത് വർഷമായി ദുബായ് ഡ്യൂട്ടി ഫ്രീ പ്രമോഷനുകളിൽ സ്ഥിരമായി പങ്കെടുക്കുന്നയാളാണ് ഹസ്സൻ. വിജയത്തിൽ ദുബായ് ഡ്യൂട്ടി ഫ്രീക്ക് നന്ദി അറിയിക്കുകയും ചെയ്തു. 'ദുബായ് ഡ്യൂട്ടി ഫ്രീക്ക് വളരെ നന്ദി! എല്ലാവരും വിജയികളാകണമെന്ന് ഞാൻ ആഗ്രഹിക്കുന്നു, ഇത് ആളുകളുടെ ജീവിതത്തിൽ വലിയ മാറ്റമുണ്ടാക്കും', അദ്ദേഹം പറഞ്ഞു.

ഹസ്സന് പുറമെ ഇന്ത്യക്കാരനായ സഞ്ജയ് ഘോഷും മില്ലെനിയം മില്ലനയർ സീരിസ് 496ൽ 3443 എന്ന ടിക്കറ്റ് നമ്പറിലൂടെ 10 ലക്ഷം ഡോളർ സ്വന്തമാക്കിയിട്ടുണ്ട്. കൊൽക്കത്താ സ്വദേശിയാണ്. മാർച്ച് 24 ഓൺലൈനായിട്ടായിരുന്നു ടിക്കറ്റ് എടുത്തത്. 2009 മുതൽ ദുബായ് ഡ്യൂട്ടി ഫ്രീ പ്രമോഷനിൽ സ്ഥിരമായി പങ്കെടുക്കുന്നയാളാണ് സഞ്ജയ് ഘോഷ്. ഓയിൽ ടാങ്കറിൽ ക്യാപ്റ്റനായി ജോലി ചെയ്തുവരികയാണ്.

Content Highlights: UAE resident wins car, $1million through Dubai Duty Free draws in two years

To advertise here,contact us