യുഎഇയിലെ സർക്കാർ പൊതുമേഖലയിൽ റമദാനിൽ പ്രവർത്തി സമയം പുതുക്കി; പുതിയ സമയം അറിയാം

സാധാരണ ദിവസങ്ങളിലെ പ്രവർത്തി സമയങ്ങളിൽ നിന്ന് രണ്ടര മണിക്കൂറും വെള്ളിയാഴ്ചകളിൽ ഒന്നര മണിക്കൂറുമായി ജോലി സമയം കുറയും.

അബുദാബി: റമദാൻ മാസം അടുത്തതോടെ യുഎഇയിലെ സർക്കാ‍ർ പൊതുമേഖല സ്ഥാപനങ്ങളുടെ പ്രവർത്തി സമയം പ്രഖ്യാപിച്ചു. റമദാൻ മാസത്തിൽ തിങ്കൾ മുതൽ വ്യാഴം വരെ രാവിലെ ഒൻപത് മുതൽ ഉച്ചയ്ക്ക് 2.30 വരെയും വെള്ളിയാഴ്ചകളിൽ രാവിലെ ഒൻപത് മണി മുതൽ ഉച്ചയ്ക്ക് 12 മണിവരെയുമാണ് പ്രവർത്തി സമയം. ഇതോടെ സാധാരണ ദിവസങ്ങളിലെ സമയങ്ങളിൽ നിന്ന് രണ്ടര മണിക്കൂറും വെള്ളിയാഴ്ചകളിൽ ഒന്നര മണിക്കൂറുമായി ജോലി സമയം കുറയും.

പുതുക്കിയ സമയപ്രകാരം വിദൂര ജോലി (വർക്ക് ഫ്രം ഹോം) സമയവും ക്രമീകരിക്കാവുന്നതാണ്. വെള്ളിയാഴ്ച ദിവസങ്ങളിൽ മൊത്തം തൊഴിലാളികളുടെ 70 ശതമാനം വരെ വിദൂര ജോലി അനുവദനീയമാണ്. ശനി, ഞായർ ദിവസങ്ങളിൽ വാരാന്ത്യ അവധിയാണ്. മാർച്ച് ഒന്ന് മുതൽ വ്രതാരംഭം ഉണ്ടാകുമെന്നാണ് സൂചന.

നിലവിൽ സാധാരണ ദിവസങ്ങളിൽ സർക്കാ‍ർ മേഖലയിലെ ജീവനക്കാർക്ക് രാവിലെ 7.30 മുതൽ ഉച്ചയ്ക്ക് 3.30 വരെയാണ് ജോലി സമയം. വെള്ളിയാഴ്ചകളിൽ ഉച്ചയക്ക് 12 മണി വരെയുമാണ് ജോലി സമയം. അതേസമയം ഷാർജയിലെ സർക്കാർ ജീവനക്കാർക്ക് തിങ്കൾ മുതൽ വ്യാഴം വരെ രാവിലെ 7.30 മുതൽ വൈകിട്ട് 3.30വരെയാണ് പ്രവർത്തി സമയം. എമിറേറ്റിൽ വെള്ളി, ശനി, ഞായർ ദിവസങ്ങളിലാണ് ഇവർക്ക് വാരാന്ത്യ അവധി ലഭിക്കുന്നത്.

Content Highlights: UAE Announce Ramadan Working Hours for government Employees

To advertise here,contact us