വിനോദ സഞ്ചാരികളെ ഇതിലേ..; മെലീഹ നാഷ്നല്‍ പാർക്ക് സജീവമാകുന്നു, കം ക്ലോസര്‍ കാമ്പയിന് തുടക്കമായി

പ്രകൃതിവിഭവങ്ങളും മേഖലയുടെ ചരിത്രപൈതൃകവും സംരക്ഷിക്കാനും സുസ്ഥിര മാതൃകയിലൂന്നിയ വിനോദ സഞ്ചാരം പ്രോത്സാഹിപ്പിക്കാനുമായി പ്രഖ്യാപിക്കപ്പെട്ട മലീഹ നാഷ്‌നല്‍ പാര്‍ക്ക് സജീവമാകുന്നു

വിനോദ സഞ്ചാരികള്‍ക്ക് സന്തോഷ വാര്‍ത്ത. ഷാര്‍ജയിലെ മെലീഹ പാര്‍ക്ക് സജീവമാകുന്നു. പ്രകൃതിവിഭവങ്ങളും മേഖലയുടെ ചരിത്രപൈതൃകവും സംരക്ഷിക്കാനും സുസ്ഥിര മാതൃകയിലൂന്നിയ വിനോദ സഞ്ചാരം പ്രോത്സാഹിപ്പിക്കാനുമായി പ്രഖ്യാപിക്കപ്പെട്ട മലീഹ നാഷ്‌നല്‍ പാര്‍ക്ക് സജീവമാകുന്നു. ഇതിന്റെ ഭാഗമായി രാജ്യത്തിനകത്തും പുറത്തുമുള്ള കൂടുതല്‍ സഞ്ചാരികളെ സ്വാഗതം ചെയ്യാനായി കം ക്ലോസര്‍ കാമ്പയിന് തുടക്കമായി.

രണ്ടുലക്ഷം വര്‍ഷം പഴക്കമുള്ള പ്രദേശത്തെ മനുഷ്യകുടിയേറ്റത്തിന്റെ ചരിത്രപശ്ചാത്തലം അടുത്തറിയാനുള്ള അവസരമാണ് ലഭിക്കുന്നത്. മെലീഹയുടെ വിശേഷങ്ങള്‍ രാജ്യത്തിനകത്തെ പോലെ രാജ്യന്തര തലത്തില്‍ കൂടി പ്രചരിപ്പിക്കാനാണ് പുതിയ കാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്. കഴിഞ്ഞ വര്‍ഷം മേയിലാണ് ഷാര്‍ജ ഭരണാധികാരി പ്രത്യേക ഉത്തരവിലൂടെ മെലീഹ നാഷ്‌നല്‍ പാര്‍ക്ക് പ്രഖ്യാപിച്ചത്. പ്രദേശത്തിന്റെ ചരിത്ര പൈതൃകം സംരക്ഷിക്കാനും സുസ്ഥിര മാതൃകയിലൂന്നിയ വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കാനുമായിട്ടാണ് മെലീഹ നാഷ്‌നല്‍ പാര്‍ക്ക് പ്രഖ്യാപിച്ചത്.

ഷാര്‍ജ നിക്ഷേപ വികസന അതോറിറ്റിയുടെ മേല്‍ നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന ദേശീയോദ്യാനത്തിന്റെ സംരക്ഷണ വേലി ഷാര്‍ജ പബ്ലിക് വര്‍ക്ക് ഡിപ്പാര്‍ട്‌മെന്റ് പങ്കാളിത്തത്തിലാണ് പൂര്‍ത്തീകരിച്ചത്. 34.2 ചതുരശ്ര കിലോമീറ്റര്‍ നീളമുള്ള സംരക്ഷണവേലിയുടെ നിര്‍മ്മാണമാണ് പൂര്‍ത്തീകരിച്ചിട്ടുണ്ട്.

പൈതൃകവും പാരിസ്ഥിതിക വൈവിധ്യങ്ങളും വിനോദ സഞ്ചാര സാധ്യകളും കൂടുതല്‍ അടുത്തറിയാനുള്ള ക്ഷണമാണ് 'കം ക്ലോസർ' കാമ്പയിനെന്ന് ശുറൂഖ് സിഇഒ അഹമദ് ഉബൈദ് അല്‍ ഖസീര്‍ പറഞ്ഞു. ചരിത്രം പ്രകൃതി, വാനനിരീക്ഷണം, സംസ്‌കാരം, സാഹസികത എന്നിങ്ങനെ അഞ്ച് വ്യത്യസ്ത തീമുകളിലാണ് മലീഹയുടെ പുതിയ കാമ്പയിന്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

മേഖലയിലെ തന്നെ പുരാതന ചരിത്രസ്മാരകവും നരവംശ ശാസത്രത്തിന്റെ 200 വര്‍ഷത്തോളം പിന്നിലേക്കുള്ള ശേഷിപ്പുകളും കണ്ടെത്തിയ മെലീഹ യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയിലേക്ക് നോമിനേറ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. വന്യജീവികളെയും സസ്യജാലങ്ങളെയും പൂര്‍ണ്ണമായി സംരക്ഷിക്കാനുള്ള കോര്‍ കണ്‍സര്‍വേഷന്‍ സോണ്‍ പ്രകൃതിക്ക് കോട്ടം തട്ടാത്ത വിധമുള്ള വിനോദ സഞ്ചാര പ്രവൃത്തികളും താമസ സൗകര്യങ്ങളുമുള്ള ഇക്കോ ടൂറിസം സോണ്‍ സംരക്ഷണത്തിന്റെയം സുസ്ഥിര മാതൃകകളുടെയും സമ്മേളനമായ ഡ്യൂണ്‍സ് സോണ്‍ മൂന്ന് വിഭാഗങ്ങളിലായിട്ടാണ് പാര്‍ക്ക് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

നൂറ്റാണ്ടുകള്‍ പഴക്കമുള്ള കച്ചവട പാതകളും സാംസ്‌കാരിക വിനിമയങ്ങളും കൊട്ടാരങ്ങളുമെല്ലാം ഖനനം ചെയ്തു കണ്ടെത്തിയിട്ടുള്ള മലീഹ, അപൂര്‍വ്വയിനം പക്ഷികളും സസ്യങ്ങളും കാണപ്പെടുന്ന ഇടം കൂടിയാണിത്. പാര്‍ക്കിന്റെ സൗന്ദര്യാത്മക മൂല്യത്തെ തടസ്സപ്പെടുത്തുന്നതോ വന്യജീവികളെ കൊല്ലുന്നതോ ഉപദ്രവിക്കുന്നതോ പ്രതികൂലമായി ബാധിക്കുന്നതോ ആയ പ്രവര്‍ത്തനങ്ങള്‍ അനുവദനീയമല്ല. സാഹസികത ഇഷ്ടപ്പെടുന്നവര്‍ക്ക് നിരവധി പ്രവര്‍ത്തനങ്ങള്‍ ഇവിടെയുണ്ട്.

Content Highlights: Meliha National Park launches in sharjah

To advertise here,contact us