യാത്രക്കാർക്ക് മുന്നറിയിപ്പുമായി എമിറേറ്റ്സ് എയർലൈൻ

പേജർ, വാക്കിടോക്കി എന്നിവ ല​ഗേജിൽ കണ്ടെത്തിയാൽ അധികൃതർ പിടിച്ചെടുക്കുമെന്ന് എമിറേറ്റ്സ് അറിയിച്ചു

അബുദബി: വിമാനങ്ങളിൽ പേജർ, വാക്കി ടോക്കി എന്നിവയ്ക്ക് വിലക്കേർപ്പെടുത്തി ദുബാ‌യിയുടെ എമിറേറ്റ്സ് എയർലൈൻ. പേജർ, വാക്കിടോക്കി എന്നിവ ല​ഗേജിൽ കണ്ടെത്തിയാൽ അധികൃതർ പിടിച്ചെടുക്കുമെന്ന് എമിറേറ്റ്സ് അറിയിച്ചു. ഹാൻഡ് ലഗേജുകളിലോ ചെക്ക്-ഇൻ ബാഗേജുകളിലോ പേജർ, വാക്കിടോക്കി എന്നീ വസ്തുക്കൾ കണ്ടെത്തിയാൽ ദുബായ് പൊലീസ് പിടിച്ചെടുക്കുമെന്ന് എയർലൈൻ വ്യക്തമാക്കിയിട്ടുണ്ട്. എയർലൈൻ അധികൃതർ കഴിഞ്ഞ ദിവസം പുറത്തിറക്കിയ ട്രാവൽ അപ്ഡേറ്റ്സിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ലെബനനിലെ പേജർ സ്ഫോടനങ്ങളുടെ പശ്ചാത്തലത്തിലാണ് തീരുമാനം.

സെപ്തംബർ 19 മുതൽ ലെബനനിലെ ബെയ്റൂട്ട്-റാഫിക് ഹരീരി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കും പുറത്തേക്കും പറക്കുന്ന വിമാനങ്ങളിലും പേജർ കൊണ്ടുപോകുന്നതിന് വിലക്കുണ്ട്. 2024 ഒക്‌ടോബർ 15 വരെ ബെയ്‌റൂട്ടിലേക്കും പുറത്തേക്കുമുള്ള ഫ്ലൈറ്റുകൾ റദ്ദാക്കിയിരുന്നു. ദുബായ് വഴി യാത്ര ചെയ്യുന്നവർ ഉൾപ്പെടെ ബെയ്‌റൂട്ടിലേക്കുള്ള യാത്രക്കാർക്ക് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ബുക്കിങ് സ്വീകരിക്കില്ല. ഉപഭോക്താക്കൾ ഇതര യാത്രാ ക്രമീകരണങ്ങൾക്കായി അവരുടെ ബുക്കിംഗ് ഏജൻ്റുമാരെ ബന്ധപ്പെടണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്.

Also Read:

DEEP REPORT
ബംഗ്ലാദേശിലെ വിദ്യാര്‍ത്ഥി പ്രക്ഷോഭം; രാഷ്ട്രീയമായ കാണാപ്പുറങ്ങള്‍

പുതിയ വിവരങ്ങൾ ലഭിക്കുന്നതിനായി എമിറേറ്റ്സ് വെബ്സൈറ്റ് സന്ദർശിച്ച് കോൺടാക്റ്റ് വിശദാംശങ്ങൾ ഉറപ്പാക്കാൻ എയർലൈൻ എല്ലാ ഉപഭോക്താക്കളോടും അഭ്യർത്ഥിച്ചു.

To advertise here,contact us