അബുദബി: വാഹനങ്ങളില് നിന്ന് മാലിന്യം വലിച്ചെറിഞ്ഞാല് കനത്ത പിഴ ചുമത്താനൊരുങ്ങി അബുദബി മുന്സിപ്പാലിറ്റി. കൂടാതെ നഗരസൗന്ദര്യം നിലനിര്ത്തുന്നതിനായി 'സിറ്റി ഈസ് ബ്യൂട്ടിഫുള്' എന്ന പേരില് ബോധവല്ക്കരണ പരിപാടിയും മുന്സിപ്പാലിറ്റി ആരംഭിച്ചു. പൊലീസ്, സിവില് ഡിഫന്സ് തുടങ്ങി വിവിധ വിഭാഗങ്ങളുമായി ചേര്ന്നാണ് പരിപാടി നടക്കുന്നത്.
നഗര ഭംഗിക്കും പൊതുജനാരോഗ്യത്തിനും പ്രാധാന്യം നല്കികൊണ്ട് നിയുക്ത പ്രദേശങ്ങളില് മാത്രം മാലിന്യം നിക്ഷേപിക്കാന് പ്രത്യേകം ശ്രദ്ധിക്കണമെന്ന് അബുദബി മുന്സിപ്പാലിറ്റി അറിയിച്ചു. ബോധവല്ക്കരണത്തിന്റെ ഭാഗമായാണ് 'സിറ്റി ഈസ് ബ്യൂട്ടിഫുള്' എന്ന പേരില് മുന്സിപ്പാലിറ്റി ക്യാമ്പയിനും ആരംഭിക്കുന്നത്. അബുദാബി പൊലീസ്, സിവില് ഡിഫന്സ്, അഹല്യ ആശുപത്രി, മാലിന്യ സംസ്കരണ കമ്പനി എന്നിവരുടെ സഹകരണത്തോടെയാണ് ബോധവല്ക്കരണ പരിപാടി സംഘടിപ്പിക്കുന്നത്.
വാഹനത്തില് നിന്ന് മാലിന്യം വലിച്ചെറിഞ്ഞാല് ആയിരം ദിര്ഹം പിഴയും ആറ് ബ്ലാക് പോയിന്റുമാണ് ശിക്ഷ. നിയമലംഘകര്ക്കെതിരെ ഗതാഗത നിയമത്തിലെ ആര്ട്ടിക്കിള് 71 പ്രകാരമാണ് നടപടികള് സ്വീകരിക്കുക. ചായ കപ്പ്, ഒഴിഞ്ഞ വെള്ളക്കുപ്പി, പ്ലാസ്റ്റിക് സഞ്ചികള്, ടിഷ്യൂ പേപ്പറുകള്, സിഗരറ്റ് കുറ്റി തുടങ്ങിയവ വാഹനങ്ങളില് നിന്ന് റോഡിലേക്ക് അലക്ഷ്യമായി വലിച്ചെറിയുന്നതിനെതിരെ പൊലീസ് മുന്നറിയിപ്പ് നല്കുന്നുണ്ട്. ഇത്തരം പ്രവൃത്തികള് പാരിസ്ഥിതിക ആഘാതങ്ങള്ക്ക് പുറമേ വാഹനാപകടങ്ങള്ക്കും കാരണമാകുമെന്ന് പൊലീസ് മുന്നറിയിപ്പ് നല്കി. നഗരസൗന്ദര്യം നിലനിര്ത്താന് ഇത്തരം പ്രവൃത്തികളില് നിന്ന് വിട്ടു നില്ക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ഡ്രൈവര്മാരില് അവബോധം സൃഷ്ടിക്കുകയാണ് കാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്.