സൗദി അറേബ്യയിൽ താമസ, തൊഴിൽ, അതിർത്തി സുരക്ഷാ നിയമങ്ങൾ ലംഘിച്ച 11,952 പേരെ സുരക്ഷാ സേന അറസ്റ്റ് ചെയ്തു. നവംബർ അഞ്ച് മുതൽ 11 വരെ രാജ്യത്തുടനീളം വിവിധ സർക്കാർ ഏജൻസികളുമായി സഹകരിച്ച് നടത്തിയ സംയുക്ത പരിശോധനയിലാണ് ഇവർ പിടിയിലായതെന്ന് ആഭ്യന്തര മന്ത്രാലയം ശനിയാഴ്ച അറിയിച്ചു. അറസ്റ്റിലായവരിൽ 6,163 പേർ താമസ നിയമങ്ങളും (ഇഖാമ), 3,225 പേർ അതിർത്തി സുരക്ഷാ നിയമങ്ങളും 2,564 പേർ തൊഴിൽ നിയമങ്ങളും ലംഘിച്ചവരാണ്.
അനധികൃതമായി രാജ്യത്തേക്ക് കടക്കാൻ ശ്രമിച്ച 1,653 പേരെയും ഇതേ കാലയളവിൽ സുരക്ഷാ സേന പിടികൂടി. അനധികൃതമായി രാജ്യം വിടാൻ ശ്രമിച്ച 29 പേരും പിടിയിലായിട്ടുണ്ട്. കൂടാതെ, നിയമലംഘകർക്ക് യാത്രാ സൗകര്യവും താമസവും നൽകുകയും ജോലിക്ക് വെക്കുകയും ചെയ്ത 15 പേരെയും സുരക്ഷാ സേന അറസ്റ്റ് ചെയ്തു.
പരിശോധനയിൽ പിടിയിലായവരിൽ 11,418 പേരെ ഇതിനോടകം നാടുകടത്തിയതായി ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചു. യാത്രാരേഖകൾ ശരിയാക്കുന്നതിനായി 22,451 പേരെ അതത് രാജ്യങ്ങളുടെ നയതന്ത്ര കാര്യാലയങ്ങളിലേക്കും യാത്രാ ക്രമീകരണങ്ങൾ പൂർത്തിയാക്കുന്നതിനായി 9,800 പേരെ ബന്ധപ്പെട്ട വകുപ്പുകളിലേക്കും മാറ്റിയിട്ടുണ്ട്. നിലവിൽ 38,383 പുരുഷന്മാരും 2,379 സ്ത്രീകളും ഉൾപ്പെടെ ആകെ 40,762 പ്രവാസികൾ നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട നിയമനടപടികൾ നേരിട്ടുവരികയാണ്.
നിയമലംഘകർക്ക് രാജ്യത്തേക്ക് കടക്കാൻ സൗകര്യമൊരുക്കുന്നവർക്കും രാജ്യത്തിനകത്ത് യാത്രാ-താമസ സൗകര്യങ്ങളോ മറ്റ് സഹായങ്ങളോ നൽകുന്നവർക്കും കടുത്ത ശിക്ഷ ലഭിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. ഇത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്ക് 15 വർഷം വരെ തടവും 10 ലക്ഷം സൗദി റിയാൽ വരെ പിഴയും ശിക്ഷ ലഭിക്കാം. കൂടാതെ, നിയമലംഘകരെ കടത്താൻ ഉപയോഗിക്കുന്ന വാഹനങ്ങളും താമസിപ്പിക്കാൻ ഉപയോഗിക്കുന്ന കെട്ടിടങ്ങളും കണ്ടുകെട്ടുമെന്നും അധികൃതർ വ്യക്തമാക്കി.
Content Highlights: Saudi Arabia has intensified inspections against residency, labour and border security violations. Authorities recorded 11,952 violations in one week, between November 5 and 11. These included 6,163 residency violations, 3,225 border security violations and 2,564 labour law violations. During the same period, 11,418 people were repatriated.