വിപണിയിലെ തട്ടിപ്പുകൾക്ക് പൂട്ടിട്ട് സൗദി; പുതിയ ഉപഭോക്തൃ സംരക്ഷണ നിയമം 180 ദിവസത്തിനകം നിലവിൽ വരും

ഓൺലൈൻ ഇടപാടുകൾക്കും നേരിട്ടുള്ള കടകളിലെ പർച്ചേസുകൾക്കും തുല്യമായ ഉപഭോക്തൃ സംരക്ഷണമാണ് പുതിയ നിയമം ഉറപ്പാക്കുന്നത്

സൗദി അറേബ്യയിൽ ഉപഭോക്താക്കളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി സമഗ്രമായ പുതിയ ഉപഭോക്തൃ സംരക്ഷണ നിയമം വരുന്നു. മന്ത്രിസഭ അംഗീകരിച്ച പുതിയ നിയമപ്രകാരം ഗുരുതരമായ നിയമലംഘനങ്ങൾക്ക് 80 ലക്ഷം റിയാൽ വരെ പിഴയും രണ്ട് വർഷം വരെ തടവുമാണ് ശിക്ഷ ലഭിക്കുക. ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ച് 180 ദിവസത്തിനു ശേഷമായിരിക്കും ഈ നിയമം പ്രാബല്യത്തിൽ വരിക.

രാജ്യത്ത് ഉത്പ്പന്നങ്ങളുടെയും സേവനങ്ങളുടെയും സുതാര്യത ഉറപ്പാക്കുന്ന പുതിയ നിയമം നിലവിലുള്ള വാണിജ്യ തട്ടിപ്പ് വിരുദ്ധ നിയമം, ഇ-കൊമേഴ്സ് നിയമം എന്നിവയ്ക്ക് പകരമായാണ് നടപ്പിലാക്കുന്നത്. ഉത്പ്പന്നങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിനൊപ്പം വിപണിയിലെ കൃത്രിമ വിലക്കയറ്റവും വ്യാജ ഉത്പ്പന്നങ്ങളുടെ വിൽപ്പനയും തടയാൻ ഇതിലൂടെ സാധിക്കും.

നിയമം ലംഘിക്കുന്ന സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവെക്കൽ, വ്യാജ ഉത്പ്പന്നങ്ങൾ പിടിച്ചെടുക്കൽ തുടങ്ങിയ കർശന നടപടികളും അധികൃതർ സ്വീകരിക്കും. കൂടാതെ, മഹാമാരികൾ പോലുള്ള അസാധാരണ സാഹചര്യങ്ങളിൽ വിപണിയിൽ വില കുത്തനെ ഉയരുന്നത് തടയാൻ സർക്കാരിന് പ്രത്യേക അധികാരവും ഈ നിയമം നൽകുന്നുണ്ട്.

ഓൺലൈൻ ഇടപാടുകൾക്കും നേരിട്ടുള്ള കടകളിലെ പർച്ചേസുകൾക്കും തുല്യമായ ഉപഭോക്തൃ സംരക്ഷണമാണ് പുതിയ നിയമം ഉറപ്പാക്കുന്നത്. ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുക, അധിക ഫീസ് ഈടാക്കുക, വ്യാജ ഉത്പ്പന്നങ്ങൾ വിൽക്കുക തുടങ്ങിയ പ്രവൃത്തികൾ കർശനമായി നിരോധിച്ചിട്ടുണ്ട്. കുട്ടികൾ, വയോധികർ, ഭിന്നശേഷിക്കാർ തുടങ്ങിയ പ്രത്യേക പരിഗണന അർഹിക്കുന്ന വിഭാഗങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും നിയമത്തിൽ പ്രത്യേക വ്യവസ്ഥകൾ ഉൾപ്പെടുത്തിയിട്ടുണ്ട്.

Content Highlights: Saudi Arabia is preparing to implement a new consumer protection law within 180 days to tackle market fraud, protect consumers and strengthen market regulations.

To advertise here,contact us