സൗദി അറേബ്യയിൽ സ്കൂൾ ബസുകളുടെ പ്രവർത്തന കാലാവധിയിൽ സുപ്രധാന മാറ്റങ്ങളുമായി ട്രാൻസ്പോർട്ട് ജനറൽ അതോറിറ്റി. സ്കൂൾ ബസുകളുടെ സാധാരണ പരമാവധി പ്രവർത്തന കാലാവധി നിർമ്മാണ വർഷം മുതൽ 12 വർഷം എന്നതിൽ നിന്ന് 10 വർഷമായി കുറച്ചു. വിദ്യാർത്ഥികളുടെ യാത്രാസുരക്ഷ വർദ്ധിപ്പിക്കുന്നതിനും സ്കൂൾ വാഹനങ്ങളുടെ പ്രവർത്തന നിലവാരം മെച്ചപ്പെടുത്തുന്നതിനുമാണ് അതോറിറ്റിയുടെ ഈ പുതിയ നടപടി. ഭേദഗതികൾ സംബന്ധിച്ച ഔദ്യോഗിക വിജ്ഞാപനം രാജ്യത്തെ ഔദ്യോഗിക ഗസറ്റായ 'ഉമ്മുൽ ഖുറ'യിൽ പ്രസിദ്ധീകരിച്ചു.
ബസുകളുടെ പ്രവർത്തന കാലാവധി, സാങ്കേതിക പരിശോധനകൾ, ഓപ്പറേറ്റിങ് കാർഡ് കാലാവധി എന്നിവയിലാണ് അതോറിറ്റി പുതിയ ഭേദഗതികൾ വരുത്തിയത്. എന്നാൽ കൃത്യമായ സാങ്കേതിക നിബന്ധനകൾ പാലിക്കുകയും സാധുതയുള്ള ഓപ്പറേറ്റിങ് കാർഡുകൾ കൈവശം വെക്കുകയും ചെയ്യുന്ന ബസുകൾക്ക് മാനദണ്ഡങ്ങൾക്ക് വിധേയമായി പ്രത്യേക ഇളവുകൾ അനുവദിക്കും. സാങ്കേതിക പരിശോധനകളുടെ അടിസ്ഥാനത്തിൽ പ്രവർത്തനശേഷിയുള്ള ബസുകൾക്ക് കാലാവധി നീട്ടി നൽകുന്ന രീതിയിലാണ് പുതിയ ക്രമീകരണം.
പുതിയ ഉത്തരവ് പ്രകാരം, 15-ൽ അധികം യാത്രക്കാരെ വഹിക്കാൻ ശേഷിയുള്ള വലിയ ബസുകൾക്ക് നിർമ്മാണ വർഷം മുതൽ പരമാവധി 15 വർഷം വരെ സർവീസ് നടത്താൻ സാധിക്കും. എന്നാൽ 15 പേരോ അതിൽ താഴെയോ ശേഷിയുള്ള ചെറിയ ബസുകൾക്ക് ഇളവ് പ്രകാരം പരമാവധി 12 വർഷം വരെ മാത്രമേ പ്രവർത്തനാനുമതി ഉണ്ടായിരിക്കുകയുള്ളൂ.
10 വർഷം പൂർത്തിയാക്കിയ വാഹനങ്ങൾക്ക് സർവീസ് കാലാവധി നീട്ടി ലഭിക്കുന്നതിന് കർശനമായ നിബന്ധനകളാണ് ഏർപ്പെടുത്തിയിട്ടുള്ളത്. ഇത്തരത്തിലുള്ള ബസുകൾ ഓരോ ആറ് മാസം കൂടുമ്പോഴും നിർബന്ധിത സാങ്കേതിക പരിശോധന നടത്തി വിജയിച്ചിരിക്കണം. കൂടാതെ കാലാവധി നീട്ടി നൽകുന്ന ബസുകൾക്ക് ലൈസൻസ് അനുവദിച്ചിട്ടുള്ള നഗരപരിധിയിൽ മാത്രമേ സർവീസ് നടത്താൻ അനുമതി ഉണ്ടാകൂ. ഇത്തരം ബസുകളുടെ പെർമിറ്റ് കാലാവധി ആറ് മാസമായി ചുരുങ്ങുമെന്നും പെർമിറ്റ് തീരുന്നതിന് 30 ദിവസം മുൻപ് പുതുക്കുന്നതിനുള്ള അപേക്ഷ സമർപ്പിക്കേണ്ടതുണ്ടെന്നും അതോറിറ്റി വ്യക്തമാക്കി.
Content Highlights: Saudi Arabia reduces the maximum operational age of school buses from 12 to 10 years, with conditional extensions subject to safety inspections.