സൗദിയിൽ കരമാർഗ്ഗമുള്ള അതിർത്തി യാത്രകളിൽ വൻ വർദ്ധനവ്; യാത്രക്കാരുടെ എണ്ണം ഏഴ് കോടി കടന്നു

ജിസിസി മേഖലയിലെ കുറഞ്ഞ ചെലവിലുള്ള റോഡ് യാത്രകളും രാജ്യത്ത് വളർന്നുവരുന്ന ടൂറിസം മേഖലയുമാണ് കരമാർഗ്ഗമുള്ള യാത്രാനിരക്ക് കുത്തനെ ഉയർത്തിയത്

സൗദി അറേബ്യയിൽ അതിർത്തി കടന്നുള്ള കരമാർഗ്ഗ യാത്രക്കാരുടെ എണ്ണത്തിൽ വലിയ വർദ്ധനവ് രേഖപ്പെടുത്തി. ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സ് പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം യാത്രക്കാരുടെ എണ്ണം 7.2 ശതമാനം വർദ്ധിച്ച് ഏഴ് കോടി പത്ത് ലക്ഷത്തോടടുത്തു. രാജ്യത്തേക്ക് എത്തിയവരും പുറത്തേക്ക് പോയവരും ഉൾപ്പെടെയുള്ള കണക്കാണിത്. ഇതിൽ 52.3 ശതമാനം പേർ സൗദിയിലേക്ക് എത്തിയവരും 47.7 ശതമാനം പേർ വിദേശത്തേക്ക് യാത്ര ചെയ്തവരുമാണ്.

ബഹ്‌റൈനുമായി ബന്ധിപ്പിക്കുന്ന കിംഗ് ഫഹദ് കോസ്‌വേ വഴിയാണ് ഏറ്റവും കൂടുതൽ ആളുകൾ സഞ്ചരിച്ചത്. ആകെ യാത്രക്കാരുടെ 49.1 ശതമാനം പേരെ കൈകാര്യം ചെയ്തത് ഈ പാതയിലൂടെയാണ്. രണ്ടാം സ്ഥാനത്തുള്ള അൽ-ഖഫ്ജി തുറമുഖം വഴി 12.2 ശതമാനം യാത്രക്കാരും സഞ്ചരിച്ചു.

ജിസിസി മേഖലയിലെ കുറഞ്ഞ ചെലവിലുള്ള റോഡ് യാത്രകളും രാജ്യത്ത് വളർന്നുവരുന്ന ടൂറിസം മേഖലയുമാണ് കരമാർഗ്ഗമുള്ള യാത്രാനിരക്ക് കുത്തനെ ഉയർത്തിയത്. ഏഴ് ദശലക്ഷത്തിലധികം ആളുകൾ അതിർത്തി കടന്ന ജനുവരി മാസത്തിലാണ് അതിർത്തികളിൽ ഏറ്റവും കൂടുതൽ തിരക്ക് രേഖപ്പെടുത്തിയത്. 2030-ഓടെ പ്രതിവർഷം 150 ദശലക്ഷം വിനോദസഞ്ചാരികളെ ആകർഷിക്കാനും റോഡ് ഇൻഫ്രാസ്ട്രക്ചർ സൂചികയിൽ ആഗോളതലത്തിൽ ആറാം സ്ഥാനം നേടാനുമുള്ള സൗദിയുടെ ദേശീയ ഗതാഗത പദ്ധതികൾക്ക് കൂടുതൽ കരുത്തേകുന്നതാണ് ഈ പുതിയ കണക്കുകൾ.

യാത്രക്കാരുടെ എണ്ണത്തിൽ മാത്രമല്ല, കരമാർഗ്ഗമുള്ള ചരക്ക് ഗതാഗതത്തിലും 4.4 ശതമാനത്തിന്റെ വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. അൽ-ബത്ത, അൽ-ഹദീത തുറമുഖങ്ങളും റിയാദ് ഡ്രൈ പോർട്ടുമാണ് ചരക്ക് നീക്കത്തിൽ മുന്നിൽ നിൽക്കുന്നത്. അതേസമയം രാജ്യത്ത് നിലവിൽ സാധുവായ ഡ്രൈവിംഗ് ലൈസൻസുകളുടെ എണ്ണം 11.3 ദശലക്ഷം കവിഞ്ഞതായും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഇതിൽ 87.2 ശതമാനവും സ്വകാര്യ ഡ്രൈവിംഗ് ലൈസൻസുകളാണ്. ലൈസൻസ് ഉടമകളിൽ 51 ശതമാനം സൗദി പൗരന്മാരും 49 ശതമാനം പ്രവാസികളുമാണ്.

Content Highlights: Saudi Arabia recorded over 70.7 million passenger movements through land border crossings in 2025, marking a 7.2% increase from the previous year

To advertise here,contact us