ആരോഗ്യ സംരക്ഷണത്തിലെ മികച്ച പ്രവർത്തനം; സൗദി അറേബ്യക്ക് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം

ആരോഗ്യകരവും സുസ്ഥിരവുമായ നഗരങ്ങൾ നിർമ്മിക്കുന്നതിൽ സൗദി അറേബ്യ നടപ്പിലാക്കുന്ന മികച്ച നയങ്ങളുടെയും കാഴ്ചപ്പാടുകളുടെയും തെളിവാണ് ഈ മുന്നേറ്റം

ലോകാരോഗ്യ സംഘടനയുടെ അംഗീകാരമുള്ള 21 ആരോഗ്യ നഗരങ്ങളുമായി കിഴക്കൻ മെഡിറ്ററേനിയൻ, വടക്കേ ആഫ്രിക്കൻ മേഖലകളിൽ ഒന്നാം സ്ഥാനം നിലനിർത്തി സൗദി അറേബ്യ. ഒക്ടോബർ 31-ലെ ലോക നഗര ദിനത്തോടനുബന്ധിച്ചാണ് രാജ്യത്തിന്റെ ഈ വൻ നേട്ടം പുറത്തുവന്നത്. മിഡിൽ ഈസ്റ്റിലെ തന്നെ ഏറ്റവും വലിയ രണ്ട് ആരോഗ്യ നഗരങ്ങളായ ജിദ്ദയും മദീനയും ഈ പട്ടികയിൽ ഉൾപ്പെടുന്നു എന്നത് സൗദിക്ക് ഇരട്ടി മധുരമാകുന്നു.

ആരോഗ്യകരവും സുസ്ഥിരവുമായ നഗരങ്ങൾ നിർമ്മിക്കുന്നതിൽ സൗദി അറേബ്യ നടപ്പിലാക്കുന്ന മികച്ച നയങ്ങളുടെയും കാഴ്ചപ്പാടുകളുടെയും തെളിവാണ് ഈ മുന്നേറ്റം. അന്താരാഷ്ട്ര തലത്തിലുള്ള 80 പ്രധാന മാനദണ്ഡങ്ങൾ പാലിച്ചാണ് നഗരങ്ങൾക്ക് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിക്കുന്നത്. വികസന നയങ്ങളോടൊപ്പം ജനങ്ങളുടെ ആരോഗ്യത്തിനും സുരക്ഷയ്ക്കും മുൻഗണന നൽകുന്ന സമീപനമാണ് രാജ്യം സ്വീകരിച്ചിരിക്കുന്നത്.

ആരോഗ്യ വികസനത്തിനായി സമൂഹത്തെ പ്രാപ്തമാക്കുക, വിവിധ സർക്കാർ-സ്വകാര്യ മേഖലകൾ തമ്മിലുള്ള ഏകോപനം, കമ്മ്യൂണിറ്റി ഇൻഫർമേഷൻ സെന്ററുകൾ, തൊഴിൽ നൈപുണ്യ വികസനം, മെച്ചപ്പെട്ട ആരോഗ്യ സേവനങ്ങൾ, സുസ്ഥിര നഗര പരിസ്ഥിതി, അടിയന്തര സാഹചര്യങ്ങൾ നേരിടാനുള്ള സജ്ജീകരണങ്ങൾ, വിദ്യാഭ്യാസം, ചെറുകിട പദ്ധതികൾക്കുള്ള പിന്തുണ എന്നിങ്ങനെ ഒമ്പത് പ്രധാന മേഖലകളിലെ മികച്ച പ്രവർത്തനങ്ങളാണ് ഈ നേട്ടത്തിന് അടിത്തറയിട്ടത്.

സൗദി ആരോഗ്യ മന്ത്രാലയം, ആരോഗ്യ നയങ്ങൾക്കായുള്ള മന്ത്രിതല സമിതി, മറ്റ് വിവിധ സർക്കാർ വകുപ്പുകൾ എന്നിവയുടെ സംയോജിത പ്രവർത്തനത്തിന്റെ ഫലമായാണ് ഈ അംഗീകാരം രാജ്യത്തെ തേടിയെത്തിയത്. നഗരാസൂത്രണം, വിദ്യാഭ്യാസം, പരിസ്ഥിതി, സാമൂഹിക സേവനം തുടങ്ങിയ മേഖലകളെ ഏകോപിപ്പിച്ചുകൊണ്ട് ആരോഗ്യകരമായ ഒരു ജനതയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് സൗദി അറേബ്യ മുന്നോട്ട് പോകുന്നത്.

Content Highlights: The World Health Organization has recognised Saudi Arabia's healthcare achievements, including its leadership in the Healthy Cities programme and improvements in public health services.

To advertise here,contact us