സൗദിയില്‍ ആക്രമണം തുടര്‍ന്ന് ഹൂതികള്‍. നജ്റാനിലെ സ്കൂളിന് മുകളില്‍ ഹൂതികളുടെ പ്രൊജക്ടൈല്‍ പതിച്ച് നാശനഷ്ടമുണ്ടായെന്ന് സൗദി സിവില്‍ ഡിഫന്‍സ് അറിയിച്ചു. പ്രൊജക്ടൈല്‍ പതിച്ച് കെട്ടിടത്തിന് നാശനഷ്ടമുണ്ടായെന്ന് സിവില്‍ ഡിഫന്‍സിന്റെ വക്താവ് വ്യക്തമാക്കി. ഇത്തരം സംഭവങ്ങളെ നേരിടാനുള്ള എല്ലാ സജ്ജീകരണങ്ങളുമുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.
തെക്കന്‍ അസീര്‍ മേഖലയിലെ അഹദ് റഫിദാ ഗവര്‍ണറേറ്റില്‍ നിര്‍വീര്യമാക്കപ്പെട്ട ബാലിസ്റ്റിക് മിസൈലിന്റെ അവശിഷ്ടം പതിച്ച് ഒരാള്‍ക്ക് പരിക്കേറ്റതായും സിവില്‍ ഡിഫന്‍സ് പറഞ്ഞു. മിസൈലിന്റെ അവശിഷ്ടം പതിച്ച് ഒരു കെട്ടിടത്തിലെ പ്രാര്‍ത്ഥനാ മുറിയും നിരവധി വാഹനങ്ങളും നശിച്ചിട്ടുണ്ട്.
അതേസമയം ഖാമിസ് മുശൈത്തിന് നേരെ യെമനിലെ ഹൂതികള്‍ തൊടുത്ത മൂന്ന് ബാലിസ്റ്റിക് മിസൈലുകള്‍ തടഞ്ഞതായി സൗദി നേതൃത്വത്തിലുള്ള സഖ്യസേന വ്യക്തമാക്കി. എന്നാല്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ യെമനിലേക്ക് 94 ആക്രമണങ്ങള്‍ സൗദി നടത്തിയതായി ഹൂതികളും പറയുന്നു. സനാ, സഅദ, തായിസ്, ഹജ്ജ, അമ്രാന്‍, ഇബ് എന്നിവിടങ്ങളിലെ സിവിലിയന്‍ കേന്ദ്രങ്ങളില്‍ സൗദി സേന 94 വ്യോമാക്രമണങ്ങളും മിസൈല്‍ ആക്രമണങ്ങളും നടത്തിയതായാണ് ഹൂതികള്‍ ആരോപിക്കുന്നത്.
എഫ്-15, ടൈഫൂണ്‍ യുദ്ധവിമാനങ്ങള്‍ ആക്രമണത്തില്‍ പങ്കെടുത്തതായും ഹൂതികള്‍ ആരോപിച്ചു. സംഘര്‍ഷം രൂക്ഷമായതിന് ശേഷം സൗദി നടത്തിയ ആക്രമണങ്ങളുടെ എണ്ണം 1,350 ആയി ഉയര്‍ന്നതായും അവര്‍ പറഞ്ഞു. എന്നാല്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ ഹൂതികളുടെ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് വ്യോമാക്രമണങ്ങള്‍ ഉള്‍പ്പെടെ 474 കൃത്യമായ ആക്രമണങ്ങള്‍ നടത്തിയതായി യെമന്‍ സൈന്യം അവകാശവാദം ഉന്നയിച്ചു.
ആക്രമണത്തില്‍ 1,540 ഹൂതികള്‍ കൊല്ലപ്പെടുകയോ പരിക്കേല്‍ക്കുകയോ ചെയ്തെന്നാണ് യമന്‍ സൈന്യം അവകാശപ്പെടുന്നത്. ഹൂതികളുടെ കേന്ദ്രങ്ങള്‍, നീക്കങ്ങള്‍, സൈനിക സഹായമെത്തിക്കുന്ന സംഘങ്ങള്‍, സൈനിക ശേഷികള്‍ എന്നിവ ലക്ഷ്യമിട്ടാണ് ആക്രമണം നടന്നതെന്നാണ് യെമന്‍ സായുധ സേന വ്യക്തമാക്കുന്നത്.
Content Highlights: A Houthi projectile reportedly hit a school in Najran, Saudi Arabia, causing damage to the premises. Saudi Civil Defense confirmed the incident as Houthi attacks continued