അനധികൃതമായി പ്രവർത്തിച്ച ഇ-കൊമേഴ്സ് പരിശീലന കേന്ദ്രം പൂട്ടി സൗദി അറേബ്യ

ഒരു വിദേശ നിക്ഷേപകനും രണ്ട് താമസക്കാരും ചേർന്നാണ് നിയമങ്ങൾ ലംഘിച്ച് ഈ പരിശീലന കേന്ദ്രം നടത്തിവന്നിരുന്നത്

റിയാദിൽ അനുമതിയില്ലാതെ പ്രവർത്തിച്ചിരുന്ന ഇ-കൊമേഴ്സ് പരീശീലനകേന്ദ്രത്തിനെതിരെ നടപടി സ്വീകരിച്ച് സൗദി വാണിജ്യ മന്ത്രാലയം. സ്പോൺസർമാരുടെ അനുമതിയില്ലാതെ ജോലി വിട്ട് സ്വന്തം ലാഭത്തിനായി ഓൺലൈൻ സ്റ്റോറുകൾ ആരംഭിച്ച വിദേശ തൊഴിലാളികളെ കണ്ടെത്തിയതിന് പിന്നാലെയാണ് നടപടി.

ഒരു വിദേശ നിക്ഷേപകനും രണ്ട് താമസക്കാരും ചേർന്നാണ് നിയമങ്ങൾ ലംഘിച്ച് ഈ പരിശീലന കേന്ദ്രം നടത്തിവന്നിരുന്നത്. മന്ത്രാലയത്തിന്റെ കണ്ടെത്തലിനെ തുടർന്ന് മാനവ വിഭവശേഷി-സാമൂഹിക വികസന മന്ത്രാലയവും റിയാദ് മേഖലാ പൊലീസിന്റെ ഫീൽഡ് എൻഫോഴ്സ്മെന്റ് വിഭാഗവും ചേർന്നാണ് റിയാദിലെ അൽ-ബത്ത പ്രദേശത്തെ കേന്ദ്രത്തിൽ സംയുക്ത പരിശോധന നടത്തിയത്. ആവശ്യമായ ലൈസൻസുകളില്ലാതെ ഓൺലൈൻ സ്റ്റോറുകൾ ആരംഭിക്കാനും നടത്താനും പരിശീലനം നൽകിയിരുന്ന കേന്ദ്രം ഓരോ നിയമലംഘകനിൽ നിന്നും 300 സൗദി റിയാൽ വീതം ഈടാക്കിയിരുന്നതായും അധികൃതർ കണ്ടെത്തി. കൂടാതെ ഇ-കൊമേഴ്‌സിൽ അന്താരാഷ്ട്ര സർട്ടിഫിക്കറ്റ് നൽകുമെന്നും കേന്ദ്രം വാ​ഗ്ദാനം നൽകിയിരുന്നതായും അന്വേഷണത്തിൽ കണ്ടെത്തി.

നിയമലംഘനം നടത്തിയ തൊഴിലാളികളെ ബന്ധപ്പെട്ട അധികാരികൾ പിടികൂടുകയും അവർക്കെതിരെ ആവശ്യമായ നിയമനടപടികൾ സ്വീകരിക്കുകയും ചെയ്തു. നിയമലംഘനം നടത്തിയ രണ്ട് താമസക്കാരെയും ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറുകയും ചെയ്തു. വിദേശ നിക്ഷേപകനെതിരെ നിയമനടപടികൾ പൂർത്തിയാക്കുന്നതിനും നിർദേശിച്ചിരിക്കുന്ന പിഴകളും ശിക്ഷകളും നടപ്പാക്കുന്നതിനുമായി നിക്ഷേപ മന്ത്രാലയത്തിന് കേസ് കൈമാറിയതായി അധികൃതർ അറിയിച്ചു.

Content Highlights: Saudi Arabia has taken legal action against an unauthorized e-commerce training facility in Riyadh that trained workers to establish and operate online stores without licenses.

To advertise here,contact us