സൗദി അറേബ്യയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്‌ലൈൻ വീണ്ടും പ്രവർത്തനക്ഷമം; എണ്ണ കയറ്റുമതി പുനഃരാരംഭിച്ചു

എണ്ണവിതരണ സുരക്ഷയും കയറ്റുമതി മാർഗങ്ങളുടെ സ്ഥിരതയും ആഗോള വിപണിയിലെ പ്രധാന ചർച്ചാവിഷയങ്ങളായി തുടരുന്ന സാഹചര്യത്തിലാണ് സൗദിയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്‌ലൈൻ വീണ്ടും പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്

സൗദി അറേബ്യയുടെ പ്രധാന എണ്ണ കയറ്റുമതി മാർഗങ്ങളിലൊന്നായ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്‌ലൈൻ വീണ്ടും പ്രവർത്തനക്ഷമമായി. സെപ്റ്റംബർ 10ന് നടന്ന ഡ്രോൺ ആക്രമണത്തെ തുടർന്ന് താൽക്കാലികമായി പ്രവർത്തനം തടസ്സപ്പെട്ടിരുന്നു. അറ്റകുറ്റപ്പണികൾ വിജയകരമായി പൂർത്തിയായതോടെ പൈപ്പ്‌ലൈൻ വഴിയുള്ള എണ്ണ കയറ്റുമതി പുനഃരാരംഭിച്ചത് ആഗോള എണ്ണ വിപണിക്ക് ആശ്വാസം പകരുന്നതായാണ് വിലയിരുത്തൽ. മിഡിൽ ഈസ്റ്റിലെ സുരക്ഷാ ആശങ്കകൾക്കിടയിലും സൗദിയുടെ എണ്ണ വിതരണ ശൃംഖല സാധാരണ നിലയിലേക്ക് മടങ്ങുന്നതിന്റെ സൂചനയായാണ് ഈ നീക്കത്തെ കാണുന്നത്.

സൗദി അരാംകോ കഴിഞ്ഞ ആഴ്ച പരീക്ഷണാടിസ്ഥാനത്തിൽ പൈപ്പ്‌ലൈൻ പ്രവർത്തിപ്പിച്ച ശേഷമാണ് എണ്ണ ഒഴുക്ക് വീണ്ടും പുനഃസ്ഥാപിച്ചതെന്ന് റിപ്പോർട്ടുകൾ പറയുന്നു. കയറ്റുമതിക്കായി നിശ്ചയിച്ചിരുന്ന എണ്ണയുടെ എക്സ്പോർട്ടുകളും പുനരാരംഭിച്ചിട്ടുണ്ട്. ഇറാനുമായുള്ള സംഘർഷ സമയങ്ങളിൽ സൗദിക്ക് നിർണായകമായ ബദൽ കയറ്റുമതി മാർ​ഗമായിരുന്നു ഈ പെെപ്പ്ലെെൻ. നിലവിൽ ഹോർമുസ് കടലിടുക്ക് വഴിയുള്ള കയറ്റുമതിയും സൗദി വർധിപ്പിക്കുന്ന സാഹചര്യത്തിലാണ് പൈപ്പ്‌ലൈൻ വീണ്ടും പ്രവർത്തനക്ഷമമാകുന്നത്.

അറേബ്യൻ ഗൾഫിലെ കപ്പൽഗതാഗതവുമായി ബന്ധപ്പെട്ട സുരക്ഷാ വെല്ലുവിളികൾ തുടരുന്നതിനാൽ എണ്ണ വിതരണത്തെക്കുറിച്ചുള്ള ആശങ്കകൾ നിലനിൽക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്‌ലൈനിന്റെ തിരിച്ചുവരവ് ആഗോള വ്യാപാരികൾക്ക് വലിയ ആശ്വാസമാകുമെന്നാണ് വിലയിരുത്തൽ. ഇറാനുമായുള്ള സംഘർഷം ഏഴാം മാസത്തിലേക്ക് കടക്കുന്നതിനിടെ അറേബ്യൻ ​ഗൾഫിലെ കപ്പൽഗതാഗതം ഇപ്പോഴും അപകടസാധ്യതകൾ നേരിടുന്നുണ്ടെന്ന് അധികൃതർ പറഞ്ഞു. ചില കപ്പലുകൾക്ക് നേരെ ഇടയ്ക്കിടെ ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യവുമുണ്ടെന്നും അധികൃതർ കൂട്ടിച്ചേർത്തു.

ഈസ്റ്റ്-വെസ്റ്റ് പൈപ്പ്‌ലൈനിന് പ്രതിദിനം ഏഴ് മില്യൺ ബാരൽ എണ്ണ കൈമാറാനുള്ള ശേഷിയുണ്ട്. ഇതിൽ ഏകദേശം രണ്ട് മില്യൺ ബാരൽ സൗദിയുടെ പടിഞ്ഞാറൻ തീരത്തെ റിഫൈനറികളിലേക്ക് എത്തിക്കുന്നു. ശേഷിക്കുന്ന ഭാഗം കയറ്റുമതിക്കായും ഉപയോഗിക്കുന്നു. ഇറാനുമായുള്ള സംഘർഷകാലത്ത് ഈ പൈപ്പ്‌ലൈൻ ആഗോള വിപണിയിലേക്കുള്ള പ്രധാന വിതരണ മാർഗമായി പ്രവർത്തിക്കുകയും എണ്ണവിലയിൽ വലിയ വർധനവ് ഉണ്ടാകുന്നത് നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്തിരുന്നുവെന്ന് റിപ്പോർട്ടുകൾ പറയുന്നു. അതേസമയം മിഡിൽ ഈസ്റ്റിലെ സംഘർഷം അവസാനിപ്പിക്കാൻ കഴിയുന്ന ഒരു കരാറിലെത്തുന്നതിനെച്ചൊല്ലി അമേരിക്കയും ഇറാനും ഭിന്നിച്ചു നിന്നതിനാൽ തിങ്കളാഴ്ച എണ്ണവില ബാരലിന് 107 ഡോളറിനു മുകളിലായിട്ടുണ്ട്. എണ്ണവിതരണ സുരക്ഷയും കയറ്റുമതി മാർഗങ്ങളുടെ സ്ഥിരതയും ആഗോള വിപണിയിലെ പ്രധാന ചർച്ചാവിഷയങ്ങളായി തുടരുന്ന സാഹചര്യത്തിലാണ് സൗദിയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്‌ലൈൻ വീണ്ടും പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്.

Content Highlights: Saudi Arabia has resumed oil exports through its East West Pipeline after repairs following drone strikes, with shipments restarting from Yanbu.

To advertise here,contact us