രാജ്യത്തെ റെയിൽവേ ശൃംഖല വിപുലീകരിക്കുന്നതിന്റെ ഭാഗമായി 10 പുതിയ പാസഞ്ചർ ട്രെയിനുകൾ കൂടി വാങ്ങാൻ സൗദി അറേബ്യൻ റെയിൽവേ. സ്വിറ്റ്സർലൻഡിൽ നിന്നാണ് ട്രെയിനുകൾ വാങ്ങുക. ഇതിനായി അന്താരാഷ്ട്ര ട്രാൻസ്പോർട്ട് സാങ്കേതിക മേളയായ 'ഇന്നോട്രാൻസ് 2026'-ന്റെ വേദിയിൽ വെച്ച് നിർണ്ണായക കരാർ ഒപ്പുവെച്ചു.
യാത്രക്കാരുടെ വർദ്ധിച്ചുവരുന്ന ആവശ്യകത പരിഹരിക്കുന്നതിനും സേവന നിലവാരം മെച്ചപ്പെടുത്തുന്നതിനുമാണ് സൗദി റെയിൽവേ പുതിയ പാസഞ്ചർ ട്രെയിനുകൾ നിരത്തിലിറക്കുന്നത്. ഓരോ ട്രെയിനിലും അഞ്ച് കോച്ചുകൾ വീതമാണുണ്ടാകുക. ആകെ 302 സീറ്റുകൾ വീതമുള്ള ഈ ട്രെയിനുകളിൽ യാത്രാസൗകര്യവും പ്രവർത്തനക്ഷമതയും വർദ്ധിപ്പിക്കുന്നതിനുള്ള അത്യാധുനിക സാങ്കേതിക സൗകര്യങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്. യാത്രക്കാർക്ക് കൂടുതൽ സുഖകരവും സുരക്ഷിതവുമായ യാത്രാനുഭവം നൽകാൻ ഈ പുതിയ ട്രെയിനുകൾക്ക് സാധിക്കും.
മുമ്പ് 2024-ലും 10 പാസഞ്ചർ ട്രെയിനുകൾ വാങ്ങുവാൻ സൗദി റെയിൽവേ തീരുമാനിച്ചിരുന്നു. പുതിയ കരാർ കൂടി നിലവിൽ വന്നതോടെ സൗദി റെയിൽവേ വാങ്ങുന്ന ആകെ ട്രെയിനുകളുടെ എണ്ണം 20 ആയി ഉയർന്നു. വിനോദസഞ്ചാര-സാമ്പത്തിക മേഖലകളിൽ വലിയ കുതിച്ചുചാട്ടം ലക്ഷ്യമിടുന്ന സൗദിയുടെ ഗതാഗത ശൃംഖലയ്ക്ക് ഈ പുതിയ ട്രെയിനുകൾ കൂടുതൽ കരുത്തുപകരും.
Content Highlights: Saudi Arabia is expanding its passenger rail fleet with 10 new trains from Swiss manufacturer Stadler. The new five-car trains, each with 302 seats, will support greater passenger capacity and improve intercity connectivity.