ആഗോള ശ്രദ്ധയാകർഷിക്കുന്ന വിനോദ-കായിക മാമാങ്കമായ 'റിയാദ് സീസൺ 2026' ഒക്ടോബർ 21 ബുധനാഴ്ച മുതൽ ആരംഭിക്കുമെന്ന് ജനറൽ എന്റർടൈൻമെന്റ് അതോറിറ്റി ബോർഡ് ഓഫ് ഡയറക്ടർമാരുടെ ചെയർമാൻ തുർക്കി അൽ ഷെയ്ഖ് അറിയിച്ചു. 10 ആഴ്ച നീണ്ടുനിൽക്കുന്ന ഈ വമ്പൻ മേളയിൽ ലോകോത്തര കായിക ചാമ്പ്യൻഷിപ്പുകൾ, സംഗീത കച്ചേരികൾ, നാടക പ്രകടനങ്ങൾ, മറ്റ് വിനോദ പരിപാടികൾ എന്നിവ അരങ്ങേറും.
റിയാദ് സീസണിന്റെ ഏഴാം പതിപ്പിൽ ലോകശ്രദ്ധ ആകർഷിക്കുന്ന ബോക്സിങ്, റെസ്ലിങ് മത്സരങ്ങൾ, യുഎഫ്സി പോരാട്ടങ്ങൾ, സിക്സ് കിങ്സ് സ്ലാം ടെന്നീസ് ടൂർണമെന്റ് എന്നിവ പ്രധാന ആകർഷണങ്ങളായിരിക്കും. കായിക മാമാങ്കങ്ങൾക്ക് പുറമേ കുട്ടികൾക്കും കുടുംബങ്ങൾക്കുമായി പ്രത്യേക വിനോദ പരിപാടികളും പ്രശസ്ത കലാകാരന്മാരുടെ കോമഡി-നാടക പ്രകടനങ്ങളും സംഗീത പരിപാടികളും ഇത്തവണ ഒരുക്കിയിട്ടുണ്ട്.
വ്യത്യസ്ത രാജ്യങ്ങളുടെ സംസ്കാരവും ഭക്ഷണരീതികളും ഒരു കുടക്കീഴിൽ അവതരിപ്പിക്കുന്ന ബുളവാർഡ് വേൾഡ്, കൂടുതൽ പുതിയ കാഴ്ചകളോടെ എത്തുന്ന ബുളവാർഡ് സിറ്റി, വിനോദ റൈഡുകൾ നിറഞ്ഞ വണ്ടർ ഗാർഡൻ എന്നിവ പ്രധാന കേന്ദ്രങ്ങളായി പ്രവർത്തിക്കും. കൂടാതെ ദി ഗ്രോവ്സ്, ഫാർമേഴ്സ് മാർക്കറ്റ്, വിയാ റിയാദിലെ 'അനാ അറേബ്യ' എക്സിബിഷൻ തുടങ്ങി തലസ്ഥാനത്തുടനീളം ഒട്ടനവധി കേന്ദ്രങ്ങളിലാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്.
"ബിഗ് ടൈം" എന്ന പ്രമേയത്തിൽ ഒരുക്കുന്ന ഈ ആഘോഷം സൗദി അറേബ്യയെ ലോകത്തെ മുൻനിര വിനോദ കേന്ദ്രമാക്കി മാറ്റുമെന്നും അന്താരാഷ്ട്ര തലത്തിൽ നിന്നുള്ള ലക്ഷക്കണക്കിന് സന്ദർശകരെ ആകർഷിക്കുമെന്നും സംഘാടകർ പ്രത്യാശ പ്രകടിപ്പിച്ചു.
Content Highlights: Saudi Arabia’s Riyadh Season 2026 will officially begin on October 21. The seventh edition will run for 10 weeks and include international boxing and wrestling, UFC events, Six Kings Slam tennis, concerts, theatre, comedy and family entertainment across several venues.