സൗദി അറേബ്യയിൽ താമസ, തൊഴിൽ, അതിർത്തി സുരക്ഷാ നിയമങ്ങൾ ലംഘിച്ചതിന് ഒരാഴ്ചയ്ക്കുള്ളിൽ 13,628 പേരെ സുരക്ഷാ സേന അറസ്റ്റ് ചെയ്തു. രാജ്യത്തുടനീളം വിവിധ സർക്കാർ ഏജൻസികളുമായി സഹകരിച്ച് നടത്തിയ സംയുക്ത പരിശോധനകളിലാണ് ഇത്രയും പേർ പിടിയിലായത്.
പിടിയിലായവരിൽ 6,593 പേർ താമസ നിയമലംഘകരും 3,531 പേർ അനധികൃതമായി അതിർത്തി കടക്കാൻ ശ്രമിച്ചവരും 3,504 പേർ തൊഴിൽ നിയമങ്ങൾ ലംഘിച്ചവരുമാണ്. അനധികൃതമായി രാജ്യത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ 1,197 പേരാണ് അറസ്റ്റിലായത്. ഇതിൽ 63 ശതമാനം എത്യോപ്യൻ പൗരന്മാരും 36 ശതമാനം യെമനികളും ഒരു ശതമാനം മറ്റ് രാജ്യക്കാരുമാണ്. അയൽ രാജ്യങ്ങളിലേക്ക് അനധികൃതമായി കടക്കാൻ ശ്രമിച്ച 27 പേരും നിയമലംഘകർക്ക് യാത്രാസൗകര്യവും അഭയവും നൽകിയ 22 പേരും പിടിയിലായവരിൽ ഉൾപ്പെടുന്നു.
രാജ്യത്തേക്ക് അനധികൃതമായി ആളുകളെ പ്രവേശിപ്പിക്കാൻ സഹായിക്കുകയോ, അവർക്ക് താമസവും വാഹനവും സൗകര്യങ്ങളും ഒരുക്കുകയോ ചെയ്യുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. ഇത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്ക് 15 വർഷം വരെ തടവും 10 ലക്ഷം റിയാൽ (ഏകദേശം 2.67 ലക്ഷം യുഎസ് ഡോളർ) വരെ പിഴയും ലഭിക്കാം. കൂടാതെ ഇവർ ഉപയോഗിച്ച വാഹനങ്ങളും വസ്തുവകകളും കണ്ടുകെട്ടുമെന്നും അധികൃതർ അറിയിച്ചു. നിയമലംഘനങ്ങളെക്കുറിച്ച് വിവരങ്ങൾ ലഭിക്കുന്നവർ ബന്ധപ്പെട്ട അധികൃതരെ അറിയിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.
Content Highlights: Saudi authorities arrested 14,782 people in nationwide inspections targeting residency, labour and border security violations. The operations were conducted from September 10 to 16, with authorities also deporting 12,635 violators during the period.